കൽപ്പാത്തി രഥോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി

0
107

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ തീയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നവംബർ 13ന് വോട്ടെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൽപ്പാത്തി രഥോത്സവം നടക്കുന്ന വിവരം ജില്ലാ ഭരണാധികാരികൾ തെരഞ്ഞെടുപ്പ് കമ്മീഷനെയും സർക്കാരിനെയും അറിയിച്ചില്ലെന്ന് ബിജെപിയുടെ സ്ഥാനാർത്ഥികൾ കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രെസും സമാനമായ ആക്ഷേപം ഉന്നയിച്ച് രംഗത്തുവന്നിരുന്നു.

വോട്ടെടുപ്പ് ഒരാഴ്ച കൂടി നീളുന്നുവെന്നതിൽ ഒരാശങ്കയുമില്ലെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് പൂർണമായും സജ്ജമാണെന്നും പാലക്കാട്ടെ ചരിത്രം നോക്കുമ്പോൾ എൽഡിഎഫിന് മേൽകൈവന്ന മണ്ഡലമാണിത്. ഇപ്പോഴുള്ള മുൻ‌തൂക്കം വളരെ പ്രകടമാണെന്നും അത് അവസാനം വരെ നിലനിർത്താൻ കഴിയും, ഞങ്ങൾ ഒന്നാമതാണെന്ന ആത്മവിശ്വാസം ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം മുതൽ ഉണ്ടായിട്ടുള്ളതാണ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

ജനങ്ങൾക്ക് വോട്ടുചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുന്നിലായെന്ന് ഇലക്ഷൻ കമ്മീഷൻ വൈകിയാണെങ്കിലും ഉറപ്പു വരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ പി സരിൻ പ്രതികരിച്ചത്. കൂടുതൽ ആളുകൾക്ക് വോട്ട് ചെയ്യാൻ കഴിയുന്നത് എൽഡിഎഫിന് അനുകൂലമാകും. വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് തിയതി പ്രഖ്യാപിച്ചപ്പോൾ മുതൽ പറഞ്ഞിരുന്ന കാര്യമാണ്. തിയതി മാറ്റത്തിന്റെ ക്രെഡിറ്റ് ബിജെപിക്കാണെന്നും പിന്നിൽ കൃത്യമായ ഗൂഢാലോചന ബിജെപിക്ക് ഉണ്ടെന്നും സരിൻ കുറ്റപ്പെടുത്തി. അതേസമയം, ആകെ പതിനാല് ജില്ലകളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. പഞ്ചാബിലെ 4 മണ്ഡലങ്ങളിലും ഉത്തർപ്രദേശിലെ 9 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പുകളും മാറ്റിവെച്ചിട്ടുണ്ട്.