പീഡനത്തിനിരയായ സ്ത്രീയുടെ വസ്ത്രത്തിൽ പ്രജ്ജ്വൽ രേവണ്ണയുടെ ഡിഎൻഎ കണ്ടെത്തി

0
102

ലൈംഗികാതിക്രമക്കേസിൽ ഹാസൻ മുൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്കുമേൽ കുരുക്ക് മുറുകുന്നു. പീഡനത്തിനിരയായ സ്ത്രീയുടെ വസ്ത്രത്തിൽനിന്ന് ശേഖരിച്ച സാംപിളുകളിൽ പ്രജ്ജ്വൽ രേവണ്ണയുടെ ഡിഎൻഎ കണ്ടെത്തി. പരിശോധനാഫലം പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കോടതിയിൽ സമർപ്പിച്ചു.

പ്രജ്ജ്വലിന്റെ വീട്ടിലെ മുൻജോലിക്കാരിയായ 48-കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിലാണ് നിർണായക തെളിവ് എസ്.ഐ.ടി. ഹാജരാക്കിയത്. ഈ കേസിൽ സെപ്റ്റംബർ ഒൻപതിന് 1632 പേജുള്ള കുറ്റപത്രം നൽകിയിരുന്നു. ഇതുൾപ്പെടെ അഞ്ച് പീഡനക്കേസുകളാണ് പ്രജ്ജ്വലിന്റെ പേരിലുള്ളത്.

മേയ് 30-നാണ് ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് എസ്.ഐ.ടി. പ്രജ്ജ്വലിനെ അറസ്റ്റുചെയ്തത്. ലൈംഗികാതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈൽഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുസമയം ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽ വ്യാപകമായി പ്രചരിച്ചു. ഹാസനിലെ സ്ഥാനാർഥിയായിരുന്നു പ്രജ്ജ്വൽ. തിരഞ്ഞെടുപ്പിനുശേഷം പ്രജ്ജ്വൽ വിദേശത്തേക്കു കടന്നു. തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്.