അബ്ദുറഹീമിന്റെ മോചനം വൈകുന്നു; കുടുംബം റിയാദിലേക്ക്

0
78

സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം വൈകുന്ന സാഹചര്യത്തിൽ കുടുംബം റിയാദിലേക്ക്. റഹീമിനെ കാണാനായി ഉമ്മയും സഹോദരനും അമ്മാവനുമാണ് റിയാദിലേക്ക് പോകുന്നത്. നടപടികള്‍ പൂര്‍ത്തിയായാല്‍ കുടുംബം പുറപ്പെടുമെന്ന് സഹോദരന്‍ നസീർ പറഞ്ഞു.

അബ്ദുറഹീമിന്റെ മോചന ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കേസിന്റെ സിറ്റിംഗ് നടന്നുവെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. വധശിക്ഷ റദ്ദാക്കിയ ബെഞ്ച് തന്നെ മോചന ഉത്തരവ് പുറത്തിറക്കട്ടെ എന്നായിരുന്നു അറിയിപ്പ്. ഈ സാഹചര്യത്തിലാണ് അബ്ദുറഹീമിനെ കാണാനായി കുടുംബം സൗദിയിലേക്ക് പുറപ്പെടുന്നത്. റഹീമിന്റെ ഉമ്മ, സഹോദരന്‍, അമ്മാവന്‍ എന്നിവര്‍ ആയിരിക്കും പോകുന്നത്.

സൗദിയിലെ ജയിലില്‍ പോയി മകനെ കാണണമെന്ന് ഉമ്മയുടെ തീരുമാനത്തോട് കുടുംബവും യോജിക്കുകയായിരുന്നു. വിസിറ്റിംഗ് വിസ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കുടുംബം യാത്ര തിരിക്കും. യാത്രയ്ക്കായി കാലതാമസം ഉണ്ടാകില്ലെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.