ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ്; ഗില്ലും പന്തും യോഗ്യരെന്ന് ടീം മാനേജ്‌മെൻ്റ്

0
152

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാൻ ഇന്ത്യയുടെ ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും യോഗ്യരാണെന്ന് ടീം മാനേജ്‌മെൻ്റ് അറിയിച്ചു. ഇതോടെ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പായി.

ബെംഗളൂരുവില്‍നടന്ന ഒന്നാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിച്ചിരുന്നില്ല. അതുകൊണ്ട് വണ്‍ഡൗണായി വിരാട് കോലിക്ക് ഇറങ്ങേണ്ടിവന്നു. ഇത് ഇന്ത്യയുടെ പരാജയത്തിന്റെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു. അതുകൊണ്ടുതന്നെ ഗില്‍ ഇലവനില്‍ തിരിച്ചെത്തുമെന്നുറപ്പ്. വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പുചെയ്യുന്നതിനിടെ, പരിക്കേറ്റ ഋഷഭ് പന്ത് പിറ്റേന്ന് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ടീം വലിയ പ്രതിസന്ധിയില്‍നില്‍ക്കേ നിര്‍ണായകമായ 99 റണ്‍സ് അടിക്കുകയുംചെയ്തു.

രണ്ടാം ടെസ്റ്റ് കളിക്കാന്‍ പന്ത് ആരോഗ്യവനാണെന്നവിവരം ഇന്ത്യന്‍ടീമിന് ആശ്വാസമായി. ഗില്ലിന് പകരമായി ആദ്യ ടെസ്റ്റില്‍ ഇടംകിട്ടിയ സര്‍ഫ്രാസ് ഖാന്‍ 150 റണ്‍സുമായി അവസരം ഉപയോഗപ്പെടുത്തിയതോടെ ടീം തിരഞ്ഞെടുപ്പില്‍ മറ്റൊരു പ്രതിസന്ധി രൂപപ്പെട്ടു. ടീമില്‍ ഇടംനേടാന്‍ കെ.എല്‍. രാഹുലും സര്‍ഫ്രാസും തമ്മില്‍ മത്സരമുണ്ടാകും. ആദ്യ ടെസ്റ്റിനുശേഷം സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ന്യൂസീലന്‍ഡിനുവേണ്ടി രണ്ടാം ടെസ്റ്റിലും കെയ്ന്‍ വില്യംസണ്‍ കളിക്കില്ല. പരിക്കിലുള്ള വില്യംസണ്‍ കളിക്കാന്‍ ഫിറ്റല്ലെന്ന് ടീം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.