ആലിംഗനം മൂന്ന് മിനിറ്റ് മാത്രം; ന്യൂസിലൻഡിലെ വിമാനത്താവളത്തിൽ നീണ്ട ആലിംഗനം ഒഴിവാക്കാൻ നടപടി

0
148

ന്യൂസിലന്‍ഡിലെ ഡ്യൂണ്‍ഡിന അന്താരാഷ്ട്ര വിമാനത്താവളം പ്രിയപ്പെട്ടവരെ കാണുമ്പോൾ നീണ്ട ആലിംഗനം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുന്നു. ഇവിടെ ഡ്രോപ്പ് ഓഫ് സോണിൽ നിങ്ങൾക്ക് മൂന്ന് മിനിറ്റ് മാത്രമേ ആലിംഗനം ചെയ്യാൻ കഴിയൂ. സുരക്ഷ ഉറപ്പാക്കുന്നതിന്റെയും തിരക്ക് ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട ഒരു സൈന്‍ ബോര്‍ഡും അധികൃതര്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പരമാവധി ആലിംഗന സമയം 3 മിനിറ്റ്. കൂടുതല്‍ സമയം വേണ്ടവര്‍ കാര്‍ പാര്‍ക്കിങ് ഉപയോഗിക്കുക എന്നാണ് ബൈര്‍ഡില്‍ പറഞ്ഞിട്ടുള്ളത്.

പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്ത് യാത്രയാക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുന്നതിനുള്ള നടപടിയാണിതെന്ന് ഡ്യൂണ്‍ഡിന്‍ വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡാന്‍ ഡി ബോണോ പ്രതികരിച്ചു. വൈകാരികമായ യാത്രയയപ്പുകളുണ്ടാകുന്നയിടമാണ് വിമാനത്താവളങ്ങള്‍. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത്തരം വിടപറയലുകള്‍ക്ക് അവസരം നല്‍കാത്ത വിധം ചിലയാളുകള്‍ ഏറെ നേരമെടുത്ത് യാത്ര പറയുന്നു. എല്ലാവര്‍ക്കും അവസരം നല്‍കണം – അദ്ദേഹം പ്രതികരിച്ചു.

ആലിംഗന സമയം പരിമിതപ്പെടുത്തിയതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്. മനുഷ്യത്വമില്ലാത്ത നടപടിയെന്നടക്കം ആളുകള്‍ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ വിമാനത്താവള അധികൃതരുടെ സൗഹൃദപരമായ സമീപനം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നവരും ഉണ്ട്.