ഹമാസ് നേതാവ് യഹ്‌യ സിൻവാറിൻ്റെ മരണം അതിക്രൂരമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം, യഹ്‌യ മരിച്ചെന്ന് ഉറപ്പുവരുത്താൻ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അദ്ദേഹത്തിൻ്റെ വിരലുകൾ മുറിച്ചുമാറ്റിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. സേനയുടെ ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ തലയോട്ടി പൊട്ടിയതായും റിപ്പോർട്ടിലുണ്ട്.
തെക്കന്‍ ഗാസയില്‍ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി ഇസ്രയേൽ ഗ്രൗണ്ട് ഫോഴ്‌സിന്റെ 828 ബ്രിഗേഡ് അദ്ദേഹത്തിന്റെ ഒളിത്താവളത്തിൽ നടത്തിയ റെയ്ഡിലാണ് യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഹമാസുമായുള്ള പോരാട്ടത്തിൽ ഇസ്രായേലിൻ്റെ വലിയ വിജയമായാണ് സിൻവാറിൻ്റെ മരണം എന്നാണ് വിലയിരുത്തൽ. സിൻവാർ മരിച്ചാലും യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സിൻവാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹമാസിൽ നിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജൂലൈയിൽ ടെഹ്‌റാനിൽ വെച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിൻവാർ പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ പൊളിറ്റ് ബ്യൂറോ തലവനായി ചുമതലയേൽക്കുന്നത്.
അതേസമയം, ഗാസ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബർ 7-ന് ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ എന്നായിരുന്നു യഹ്‌യ സിൻവാറിനെ ഇസ്രായേൽ വിശേഷിപ്പിച്ചിരുന്നത്. സിൻവാറിൻ്റെ മരണം നിലവിലെ പ്രതിസന്ധിക്ക് കാരണമാകുമെങ്കിലും സംഘർഷം വഴിയിൽവെച്ച് അവസാനിപ്പിക്കാൻ തയ്യാറല്ല ഹമാസ് ഗ്രൂപ്പ്. 2004 മുതൽ 2017 വരെ ഹമാസിനെ നയിച്ചിരുന്ന ഖാലിദ് മെഷാലാണ് സിൻവാറിൻ്റെ സ്ഥാനത്തേക്ക് ഇനി എത്തുക എന്നാണ് സൂചന.