ടാറ്റ ഫുട്ബോൾ അക്കാദമി തങ്ങളുടെ ഭാവി കളിക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി അപേക്ഷകൾ ക്ഷണിച്ചു. 15 വയസ്സിന് താഴെയുള്ളവർക്കായാണ് സെലക്ഷൻ ട്രയൽ സംഘടിപ്പിച്ചിരിക്കുന്നത്. അക്കാദമിയിൽ കളി പഠിച്ച ശേഷം സ്വന്തം ക്ലബ്ബായ ജംഷഡ്പൂർ എഫ്‌സിയുടെ ജൂനിയർ ടീമിൽ ഇടം നേടാനും അവസരമുണ്ട്.
2011 ജനുവരി ഒന്നിനും 2012 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഈ മാസം 31 വരെ www.fcjamshedpur.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. അപേക്ഷക്കൊപ്പം ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും നല്‍കണം. ഓപ്പണ്‍ ട്രയല്‍സിലൂടെയായിരിക്കും യോഗ്യരായവരെ കണ്ടെത്തുക.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തെ സ്‌കോളര്‍ഷിപ്പോടെ താമസിച്ച് പരിശീലനം നടത്താനുള്ള അവസരം ലഭിക്കും. പരിശീലനത്തിന്റെ ഭാഗമായി താരങ്ങള്‍ക്ക് ജംഷഡ്പൂര്‍ എഫ്‌സിയുടെ യൂത്ത് ടീമുകളില്‍ കളിക്കാനുള്ള അവസരം ലഭിക്കും. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ക്ക് ജാര്‍ഖണ്ഡിനെയും രാജ്യത്തെയും പ്രതിനിധീകരിച്ച് കളിക്കാനുള്ള അവസരം ലഭിക്കും. താരങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം ഉള്‍പ്പെടെയുള്ളവ ടാറ്റ അക്കാദമിയായിരിക്കും നല്‍കുക.
1987-ല്‍ സ്ഥാപിതമായ ടാറ്റ ഫുട്‌ബോള്‍ അക്കാദമി (ടി.എഫ്.എ) രാജ്യത്തെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് പ്രഫഷനല്‍ ഫുട്‌ബോളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രണയ് ഹാല്‍ഡര്‍, ഉദാന്ത സിംഗ്, സുബ്രതാ പോള്‍, നോയല്‍ വില്‍സണ്‍, റോബിന്‍ സിംഗ്, നാരായണ്‍ ദാസ്, കാള്‍ട്ടണ്‍ ചാപ്മാന്‍, റെനെഡി സിംഗ്, മഹേഷ് ഗാവ്ലി എന്നീ താരങ്ങള്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമി വഴി എത്തിയവരാണ്.