വൺ ഡയറക്ഷൻ്റെ മുൻ അംഗമായ ലിയാം പെയിനെ മരിച്ച നിലയില്‍ കണ്ടെത്തി

0
186

പ്രശസ്ത ബോയ് ബാൻഡ് വൺ ഡയറക്ഷൻ്റെ മുൻ അംഗം ലിയാം പെയ്‌നെ മരിച്ച നിലയിൽ കണ്ടെത്തി. അർജൻ്റീനയിലെ ബ്യൂണസ് അയേഴ്‌സിലുള്ള ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ച നിലയിലാണ് 31 കാരനായ ലിയാം പെയ്‌നെ കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാസ സര്‍ എന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ലിയാം പെയിന്‍ എടുത്തുചാടുകയും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തുവെന്നാണ് ബ്യൂണസ് അയേഴ്‌സ് പൊലീസ് അറിയിച്ചിരിക്കുന്നത്. ലിയാം പെയിന്‍ ആത്മഹത്യ ചെയ്തതാകമെന്നാണ് പ്രാഥമിക നിഗമനം.

2010 ൽ നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്‌റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ 5 പേർ ചേർന്നാണ് ‘വണ്‍ ഡയറക്ഷൻ’ ബാൻഡ് രൂപീകരിക്കുന്നത്. എക്‌സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതോടെ പ്രശസ്തിയിലെത്തിയ ബാൻഡിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് 2015 ല്‍ ബാന്‍ഡ് പിരിയുന്നത വരെ പോപ്പ് സംഗീത ലോകത്തെ മുടിചൂടാ മന്നന്മാരായി വിരാചിക്കുകയായിരുന്നു അവര്‍.

ബ്രിട്ടനിൽ നിന്ന് ലോകത്തെ കൈയിലെടുത്ത ബ്രിട്ടീഷ് ബോയ്‌സ് സംഗീത ബാൻഡാണ് വൺ ഡയറക്ഷൻ. അപ് ഓൾ റൈറ്റ്(2011), ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോർ(2015) എന്നിങ്ങനെ നാല് സൂപ്പർഹിറ്റ് ആൽബങ്ങൾ വൺ ഡി പുറത്തിറക്കിയിട്ടുണ്ട്.