‘ദി എംപറർസ് ജനറൽ’ പൃഥിവിരാജിന് എമ്പുരാൻ ടീമിന്റെ പിറന്നാൾ സമ്മാനം

0
74

42-ാം പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ ജന്മദിനമായ ഇന്ന് എമ്പുരാൻ ടീം പുറത്തിവിട്ട ക്യാരക്റ്റർ പോസ്റ്ററിലെ ക്യാപ്ഷൻ ഇങ്ങനെ “ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട, ചെകുത്താനാൽ വളർത്തപ്പെട്ട”,. പള്ളിയുടെ കുരിശിനു മുന്നിലായി തോക്കേന്തി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ. സായിദ് മസൂദ് എന്ന പേരിന്റെ അടിയിൽ ‘ദി എംപറർസ് ജനറൽ അഥവാ ചക്രവർത്തിയുടെ സേനാധിപതി’ എന്നാണ് പോസ്റ്ററിൽ പൃഥ്വിരാജിന് നൽകിയിരിക്കുന്ന വിശേഷണം.

2019 വമ്പൻ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ പൃഥ്വിരാജിന്റെ മൂന്നാമത്തെ സംവിധാന സംരംഭം കൂടിയാണ്. മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 5ന് ഡൽഹിയിലാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ബോക്സ് ഓഫീസിൽ വൻവിജയം കാഴ്ച്ചവച്ച ലൂസിഫറിൽ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി, സായ് കുമാർ, ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

ആദ്യഭാഗത്തിൽ നിന്ന് ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളും നിരവധി വിദേശ താരങ്ങളും എമ്പുരാനിൽ എത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന എമ്പുരാൻ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. പൃഥ്വിരാജിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധയാണ്.