ഇന്ത്യയിലെ വിവിധ വിമാനങ്ങൾക്ക് ബോംബ് ഭീഷണി

0
80

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഏറ്റവും ഒടുവിൽ, ആകാശ് എയർ, ഇൻഡിഗോ കമ്പനികളുടെ വിമാനങ്ങൾ അവരുടെ യാത്രയ്ക്കിടെ ഭീഷണി നേരിട്ടിരുന്നു. ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം ഭീഷണി നേരിട്ടതോടെ ഡൽഹിയിൽതന്നെ തിരിച്ചിറക്കി. മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഭീഷണി നേരിട്ടതോട അഹമ്മദാബാദിലേക്കും തിരിച്ചിറക്കി.

ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം (എ.െഎ.-127), ജയ്പുര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐ.എക്‌സ്-765), ദര്‍ബംഗ-മുംബൈ സ്‌പൈസ് ജെറ്റ് വിമാനം (എസ്.ജി.-116), സിലിഗുരി-ബെംഗളൂരു ആകാശ എയര്‍ വിമാനം (ക്യു.പി.-1373), ദമാം-ലഖ്‌നൗ ഇന്‍ഡിഗോ വിമാനം(6 ഇ-98), അമൃത്സര്‍-ദെഹ്റാദൂണ്‍ അലയന്‍സ് എയര്‍ (9എല്‍-650) എന്നിവയുള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതുവരെ ലഭ്യമായ മുഴുവൻ സന്ദേശങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബോംബ് ഭീഷണിയെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് തേടി. തുടർച്ചയായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും മന്ത്രാലയ ഉദ്യോഗസ്ഥരും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും യോഗം ചേർന്നു. സംഭവത്തിൽ നിർണായക വിവരം ലഭിച്ചതായും പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞതായും വ്യോമയാന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്.