മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ

0
49

മദ്രസകൾ അടച്ചുപൂട്ടണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ ഔപചാരിക സ്കൂളുകളിൽ ചേർക്കണമെന്ന് കത്തിൽ പറയുന്നു.

എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചത്. അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ കത്തയച്ചിരിക്കുന്നത്. “വിശ്വാസത്തിൻ്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും” എന്ന തലക്കെട്ടിൽ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തിൽ അവരുടെ പങ്കിനെക്കുറിച്ചുമുള്ള 11 അധ്യായങ്ങൾ അടങ്ങുന്ന ബാലാവകാശ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ ഭാഗമായാണ് ശുപാർശകൾ വന്നത്.

കേവലം ഒരു ബോർഡ് രൂപീകരിക്കുകയോ UDISE കോഡ് എടുക്കുകയോ ചെയ്യുന്നത് കൊണ്ട് മദ്രസകൾ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥകൾ പാലിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്ന് കമ്മീഷൻ തറപ്പിച്ചു പറഞ്ഞു. നേരത്തെ മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മിഷൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

അതേസമയം ബാലവകാശ കമ്മിഷന്റെ നടപാടിക്കെതിരെ എൻഡിഎ സഖ്യകക്ഷി എൽജെപി രം​ഗത്തെത്തി. അനധികൃത മായി പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെയാണ് നടപടി വേണ്ടതെന്നും, കണ്ണടച്ചുള്ള നടപടി ശരിയല്ലെന്നും എൽജെപി വക്താവ് എ കെ വാജ്പേ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ബാലവകാശ കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തിൽ വിദ്വേഷം സൃഷ്‌ടിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ്‌വാദി പാർട്ടി എംപിയും വക്താവുമായ ആനന്ദ് ബദൗരിയ പറഞ്ഞു.