സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

0
125

സിനിമാ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം ഹൈക്കോടതി അന്വേഷിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. റിപ്പോര്‍ട്ട് ഹൈക്കോടതി പൂര്‍ണമായും പരിശോധിച്ചതിന് ശേഷമാണ് അന്വേഷണത്തിനു ഉത്തരവ് ഇട്ടത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ലഹരിയുപയോഗവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഗൗരവത്തോടെ കാണുന്നുവെന്നാണ് ഉത്തരവിലൂടെ മനസിലാകുന്നത്. കേസെടുക്കാവുന്ന കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും വ്യക്തമായിഎന്നാണ് കോടതി പറയുന്നത്. നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ടുപോകാം എന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ലൈംഗികാതിക്രമ പരാതികളില്‍ മാത്രമാണ് ഇക്കാലമത്രയും അന്വേഷണം നടന്നതെങ്കില്‍ ഇനി ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് കൂടി അന്വേഷണം നീങ്ങാന്‍ പോകുന്നുവെന്നതാണ് വ്യക്തമാകുന്നത്.

റിപ്പോര്‍ട്ടിലെ അതിജീവിതകളുടെ പേര് ഒരു കാരണവശാലും പുറത്തുപോകരുതെന്ന് അന്വേഷണസംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്.പ്രഥമ വിവര റിപ്പോര്‍ട്ടിലും, പ്രാഥമിക അന്വേഷണം റിപ്പോര്‍ട്ടിലും അതിജീവിതകളുടെ പേര് മറയ്ക്കണം. എഫ്‌ഐആറിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്ക് മാത്രമേ നല്‍കാവൂ തുടങ്ങിയ നിര്‍ദേശങ്ങളും ഹൈക്കോടതി മുന്നോട്ട് വെക്കുന്നുണ്ട്.