‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ

0
81

‘ഡിജിറ്റൽ അറസ്റ്റ്’ നടത്തി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ 17 പേരെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് സൈബർ ക്രൈം സെല്ലാണ് അറസ്ററ് ചെയ്തത്. തട്ടിപ്പ് ആപ്പ് സൃഷ്ടിച്ച നാല് തായ്‌വാൻ പൗരന്മാരും ഇവരിൽ ഉൾപ്പെടുന്നു. ആയിരത്തോളം പേരെ സംഘം കബളിപ്പിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

തയ്‌വാൻ സ്വദേശികളായ മൂ ഷി സുങ് (42), ഷാങ് ഹു യുൻ (33), വാങ് ഷുൻ വെയ് (26), ഷെൻ വെയ് (35) എന്നിവരാണ് അറസ്റ്റിലായത്. ബാക്കി 13 പേർ ഗുജറാത്ത്, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. രാജ്യത്തെ അന്വേഷണ ഏജൻസികൾ വീഡിയോ കോളിലൂടെ ആരെയും അറസ്റ്റുചെയ്യില്ലെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ കഴിഞ്ഞദിവസം ജാഗ്രതാനിർദേശം നൽകിയിരുന്നു.

അഹമ്മദാബാദ്‌ നഗരത്തിലെ പ്രായമായ വ്യക്തിയെ പത്തുദിവസം ‘ഡിജിറ്റൽ അറസ്റ്റു’ചെയ്ത് 79.34 ലക്ഷം രൂപ തട്ടിയ പരാതിയിലെ അന്വേഷണമാണ് സംഘത്തെ പിടികൂടാൻ സഹായിച്ചതെന്ന്‌ പോലീസ് ജോയിൻറ്്‌ കമ്മിഷണർ ശരദ് സിംഘൽ പറഞ്ഞു. ട്രായ്, സി.ബി.ഐ., സൈബർ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പുകാർ പരാതിക്കാരനെ വീഡിയോ നിരീക്ഷണത്തിലാക്കിയത്. വിദേശസംഘം തയ്യാറാക്കിയ ആപ്പാണ് തട്ടിപ്പിന് ഉപയോഗിച്ചത്.

ദുബായിലെ ബാങ്ക് അക്കൗണ്ടുകളും ക്രിപ്റ്റോ വാലറ്റുകളും വഴി ഇരകളുടെ ഫണ്ട് കൈമാറാൻ ഈ ആപ്പ് സഹായിച്ചു. പ്രതികളിൽനിന്ന് 12.75 ലക്ഷം രൂപ, 761 സിം കാർഡ്, 120 മൊബൈൽ ഫോൺ, 96 ചെക്ക് ബുക്ക്, 92 ക്രെഡിറ്റ് കാർഡ്, 42 ബാങ്ക് പാസ്ബുക്ക് എന്നിവ പിടിച്ചെടുത്തു.