ഗോവയിൽ ഡീസൽ ബസുകൾ ഒഴിവാക്കി. എല്ലാ ട്രാൻസ്‌പോർട്ട് ബസുകളും ഇലക്‌ട്രിക് ബസുകളിലേക്ക് മാറ്റുന്നതാണ് പുതിയ നടപടി. കദംബ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ വാർഷിക ആഘോഷത്തിലായിരുന്നു പ്രഖ്യാപനം. നഗരസഭയെ ലാഭത്തിലാക്കി പരിസ്ഥിതി സൗഹൃദ ഗതാഗതം നടപ്പാക്കാനാണ് സർക്കാരിൻ്റെ വിപ്ലവകരമായ തീരുമാനം.
പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കാന്‍ നിക്ഷേപം നടത്താനുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അലുംനിയുടെ നിർദേശത്തിന് ഗോവൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി 700 കോടി രൂപ നിക്ഷേപിക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അലുംനി വാഗ്ദാനം നൽകിയിരുന്നു. 500 ഇലക്ട്രിക് ബസുകൾ എത്തിക്കാനാണ് പദ്ധതി.
കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് നിലവിൽ 54 ഇലക്ട്രിക് ബസുകൾ മാത്രമാണുള്ളത്. മൂന്ന് വർഷം മുൻപായിരുന്നു കോർപ്പറേഷനിൽ ഇലക്ട്രിക് ബസുകൾ ഇടം പിടിക്കുന്നത്. സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാഗം ബസുകളും ഡീസലായിരുന്നു. ഇത് ഒഴിവാക്കി പൂർണമായി ഇലക്ട്രിക് ബസുകളിലേക്ക് മാറാനാണ് ഇപ്പോഴത്തെ നീക്കം.