അമേരിക്കയിലെ ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് ഭീതി

0
152

അമേരിക്കയിലെ ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് ഭീതി. ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 55 ലക്ഷം പേരെ യുഎസ് സർക്കാർ ഒഴിപ്പിച്ചു. അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 255 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശുന്ന ഏറ്റവും അപകടകരമായ ചുഴലിക്കാറ്റുകളുടെ പട്ടികയിൽ എത്തിയ മിൽട്ടൺ, ന്യൂ മെക്സിക്കോ കടന്ന് ഫ്ലോറിഡയിലേക്ക് നീങ്ങുകയാണ്.

നേരിടാനുള്ള ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കവേ മിൽട്ടണും മുകളിൽ പറന്നു കാറ്റിന്റെ രൗദ്ര ഭാവങ്ങൾ ഒപ്പിയെടുത്തിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ചതോടെ ലോകം ആശങ്കയോടെയാണ് മിൽട്ടന്‍റെ നീക്കങ്ങളെ വീക്ഷിക്കുന്നത്.

എന്നാൽ ഫ്ലോറിഡയെത്തുമ്പോൾ കാറ്റിന്‍റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണല്‍ ഹറികെയ്‌ന്‍ സെന്‍റര്‍ പ്രവചിച്ചിരുന്നു. ഫ്ലോറിഡ സംസ്ഥാനത്തെ ടാംപ പട്ടണത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കരകയറും എന്നാണ് പ്രവചനങ്ങള്‍.

ഈയടുത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും വേഗമേറിയ ചുഴലിക്കാറ്റുകളിൽ ഒന്നിനെ നേരിടാന്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് ഫ്ലോറിഡയിൽ പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാന്‍ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സാക്ഷ്യംവഹിക്കുകയാണ് ഫ്ലോറിഡ. ഇനി അധിക സമയം ഇല്ലെന്നും എത്രയും പെട്ടെന്ന് അവശേഷിക്കുന്നവരും ഒഴിഞ്ഞു പോകണമെന്നും ഗവർണർ റോൺ ഡി സാന്‍റിസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കാറ്റിനൊപ്പം അതിശക്തമായ മ‍ഴക്കും വെള്ളപ്പൊക്കത്തിനും ഫ്ലോറിഡ സാക്ഷ്യം വഹിച്ചേക്കും.