ഇന്ത്യക്ക് കൂറ്റൻ സ്കോർ, ബംഗ്ലാദേശിന് വിജയലക്ഷ്യം 222 റൺസ്

0
191

ഇന്ത്യ-ബംഗ്ലാദേശ് ട്വൻ്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബംഗ്ലാദേശിന് 222 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി. നിതീഷ് കുമാർ റെഡ്ഡി 34 പന്തിൽ ഏഴ് സിക്‌സും നാല് ബൗണ്ടറിയും ഉൾപ്പെടെ 74 റൺസും റിങ്കു സിങ് 29 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും ഉൾപ്പെടെ 53 റൺസും നേടി.

റിഷാദ് ഹൊസെയ്ന്‍ ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീര്‍ത്തും നിറം മങ്ങിയ മാച്ചില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 221 റണ്‍സാണ് നേടാനായത്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍നിരയില്‍ നിന്നും പതിവുപോലെ അഭിഷേക് ശര്‍മ്മയും സഞ്ജുസാംസണുമാണ് ഓപ്പണിങ് ബാറ്റിങിനെത്തിയത്. എന്നാല്‍ ടസ്‌കില്‍ അഹമ്മദ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ സഞ്ജു നജ്മുള്‍ ഹൊസൈന്‍ ഷാന്റോക്ക് ക്യാച്ച് നല്‍കി മടങ്ങി. ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയടക്കം പത്ത് റണ്‍സാണ് സഞ്ജു നേടിയത്.

മൂന്ന് ബൗണ്ടറിയടക്കം 11 പന്തില്‍ നിന്ന് 15 റണ്‍സടിച്ച അഭിഷേക് ശര്‍മയെ തന്‍സിം ഹസന്‍ സാക്കിബ് ആണ് പുറത്താക്കിയത്. പത്ത് പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് നിരാശയാണ് ആരാധകര്‍ക്ക് നല്‍കിയത്. മുസ്തഫിസുര്‍ റഹ്‌മാന്‍ ആണ് സൂര്യയുടെ വിക്കറ്റെടുത്തത്. ഇതോടെ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 45ന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു.