കോൺഗ്രസ് ഹരിയാനയിൽ പരാജയത്തിന്റെ രുചി അറിഞ്ഞത് ഇങ്ങനെ

0
227

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ മണിക്കൂറിൽ വിജയം ഉറപ്പിച്ച കോൺഗ്രസ് ഇപ്പോൾ പരാജയത്തിൻ്റെ രുചിയറിഞ്ഞു. ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളിൽ രാവിലെ 11 മണി വരെ കോൺഗ്രസ് 36 സീറ്റുകൾ നേടിയപ്പോൾ ഭാരതീയ ജനതാ പാർട്ടി (ബിജെപി) 47 സീറ്റുകളിൽ ലീഡ് ചെയ്യുകയായിരുന്നു. എന്നിരുന്നാലും, കോൺഗ്രസിന് 40.57% വോട്ട് വിഹിതം ഉണ്ടായിരുന്നു, എന്നാൽ ഇത് ബിജെപിക്കാവട്ടെ 38.80% ഉം. 46 സീറ്റുകളാണ് സംസ്ഥാനത്ത് ഭൂരിപക്ഷം. ഹരിയാനയിലെ അഞ്ച് സീറ്റുകളിൽ കോണ്‍ഗ്രസിന് 1000 വോട്ടിൽ താഴെയാണ് ലീഡ്. 25% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നേരത്തെയുണ്ടായിരുന്ന പ്രതീക്ഷ കോൺഗ്രസിന് നിരാശയാണ് ഉണ്ടാക്കികൊടുത്തത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ ലീഡിൽ ഏറെ പ്രതീക്ഷയാണ് കോൺഗ്രസ് വെച്ചിരുന്നത്. എന്നാൽ അതും ഫലം കണ്ടില്ല. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ ഘട്ടത്തിൽ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയതോടെ വലിയ രീതിയിലുള്ള ആഘോഷമായിരുന്നു പ്രവര്‍ത്തകര്‍ നടത്തിയത്. ജാട്ട്, ദളിത്, മുസ്ലീം വോട്ടുകൾ ഒരുമിച്ച് നേടിയാൽ സംസ്ഥാനത്ത് വിജയം ഉറപ്പാക്കാൻ ആകുമെന്ന വിശ്വാസവും ഇതോടെ ഇല്ലാതായി.

എന്നാൽ, ഹരിയാനയിലെ ജാട്ട്, മുസ്ലീം ഇതര വിഭാഗങ്ങളുടെ വോട്ടുകൾ ഉറപ്പിക്കാൻ ബിജെപി നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടതായാണ് മനസിലാകുന്നത്. കിഴക്കൻ, തെക്കൻ ഹരിയാനയിലെ ജാട്ട് ഇതര മേഖലകളിൽ ബിജെപി തങ്ങളുടെ ശക്തികേന്ദ്രം നിലനിർത്തിയതായി കാണുന്നു. ജാട്ട് ആധിപത്യമുള്ള പടിഞ്ഞാറൻ ഹരിയാനയിൽ വലിയ തോതിൽ ബിജെപിക്ക് നിലയുറപ്പിക്കാൻ കഴിഞ്ഞു. ബിജെപിയെപ്പോലെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടിരുന്നില്ല എന്നുള്ളതും എടുത്തുപറയേണ്ടതാണ്. നിരവധി വിമതർ സ്വതന്ത്രരായി മത്സരിച്ചു. മാത്രവുമല്ല

ബിജെപിക്കെതിരെയുള്ള ഭരണ വിരുദ്ധത തിരിച്ചറിഞ്ഞിട്ടും ഭൂപീന്ദർ സിംഗ് ഹൂഡയും കുമാരി സെൽജയും തമ്മിലുള്ള ആഭ്യന്തരപ്രശ്നങ്ങൾ തീർക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞില്ലായെന്നുള്ളതും വിജയസാധ്യത മങ്ങാൻ പ്രധാനകാരണമായി. ഹരിയാന മുഖ്യമന്ത്രിയായി വീണ്ടും ഭൂപീന്ദർ സിംഗ് ഹൂഡ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയോടെയാണ് അദ്ദേഹത്തിൻ്റെ പേര് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചിരുന്നത് എന്നാൽ 2004 നും 2014 നും ഇടയിൽ ഹൂഡയുടെ ഭരണക്കാലത്ത് അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും തഴച്ചുവളരാൻ കോൺഗ്രസ് അനുവദിച്ചുവെന്നും സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്താൻ സർക്കാരിനായിട്ടില്ലെന്നുള്ള ജാട്ട് ഇതര വിഭാഗങ്ങളുടെ വിമർശനങ്ങൾ ഉയർന്നുവന്നതും ഇത്തവണത്തെ പാർട്ടിയുടെ വിജയത്തെ ബാധിച്ചിട്ടുണ്ട്.

അതേസമയം, ബിജെപി അധികാരത്തിലിരുന്ന 10 വർഷത്തിനിടയ്ക്ക് ഒരു നേതാവിനെതിരെയും അഴിമതി ആരോപണങ്ങളോ മോശം പ്രചാരണങ്ങളോ നടന്നിരുന്നില്ലായെന്ന നിരീക്ഷണങ്ങൾ ബിജെപിക്ക് മുതൽകൂട്ടാവുകയാണ് ഉണ്ടായത്. മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഒബിസി നേതാവായ നയാബ് സിംഗ് സൈനിയെ പകരം നിയമിക്കാനുള്ള ബിജെപിയുടെ തീരുമാനവും തിരഞ്ഞെടുപ്പിൽ ഫലം കണ്ടു.