ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം ശക്തമാക്കും; മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു

0
216

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും ധാരണയായി. ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഒന്നും മാലിദ്വീപ് ഒരിക്കലും ചെയ്യില്ലെന്ന് പ്രസിഡൻ്റ് മുഹമ്മദ് മുയിസു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും ധാരണയായി. രാജ് ഘട്ടിൽ എത്തി മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച അദ്ദേഹം ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.രാഷ്ട്രപതി ഭവൻ അങ്കണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പ്രധാനമന്ത്രിയിൽ നിന്നും അദ്ദേഹം ആചാരപരമായ സ്വീകരണം ഏറ്റുവാങ്ങി.

വിവിധ മേഖലകളിൽ മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുമ്പോഴും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കോട്ടംതട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് മുയ്സു വ്യക്തമാക്കി.ഇതാദ്യമായാണ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മുയ്സു ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിയ ഉടനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, 2023-ല്‍ ഇന്ത്യ ഔട്ട് ക്യാമ്പയിൻ നടത്തി അധികാരത്തില്‍ വന്ന നേതാവാണ് മുഹമ്മദ്‌ മുയ്സു. ചൈനയോടുള്ള മുയ്സുവിന്റെ അതിരുകവിഞ്ഞ ചായ്‌വ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരുന്നത്. മാലദ്വീപിലെ ഇന്ത്യന്‍ സായുധസേനയെ പുറത്താക്കണം എന്നുവരെ മുയ്സു തിരഞ്ഞെടുപ്പ് കാലത്ത് വാദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് മാലദ്വീപ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.