ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുംഭമേളയുടെ ഒരുക്കങ്ങൾ പ്രയാഗ്‌രാജിൽ അവലോകനം ചെയ്തു. മുഖ്യമന്ത്രി മഹാകുംഭമേള 2025 ൻ്റെ ലോഗോ പ്രകാശനം ചെയ്യുകയും അതിൻ്റെ വെബ്‌സൈറ്റും ആപ്പും പുറത്തിറക്കുകയും ചെയ്തു. സന്ദർശന വേളയിൽ യോഗി കുംഭമേളയുടെ ഒരുക്കങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും പ്രധാന സ്ഥലങ്ങളിൽ സ്ഥലപരിശോധന നടത്തുകയും ചെയ്തു. 2025 ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക.
വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്താനും കുംഭമേള പ്ലാസ്റ്റിക് മുക്തമാക്കാനും എഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാശിവരാത്രി ഉൾപ്പെടെ പ്രധാന ആറ് ദിവസങ്ങളിൽ തീർത്ഥാടകർ കൂടുതൽ ദൂരം നടക്കേണ്ടി വരുന്നതുൾപ്പെടെയുളള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 700 ഇലക്ട്രിക് ബസുകളാണ് തീർത്ഥാടകർക്ക് ഗതാഗതമൊരുക്കാൻ വിന്യസിക്കുക.
2013 ലെ കുംഭമേളയുടെ ഇരട്ടിയിലധികം സ്ഥലം ഇത്തവണ തീർത്ഥാടകരുടെ സൗകര്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗംഗയും യമുനയും മലിനമാക്കപ്പെടുന്നത് തടയാനും വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മലിനജലം ഉൾപ്പെടെ സംസ്‌കരിച്ച ശേഷമാകും പുറത്തേക്ക് ഒഴുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.