സ്പാനിഷ് ഫുട്ബോള്‍ താരം അല്‍വാരോ മൊറാറ്റോക്ക് കിട്ടിയത് ഒന്നൊന്നര പണി

0
219

സോഷ്യൽ മീഡിയയുടെ വളർച്ചയോടെ, സെലിബ്രിറ്റികൾക്ക് അവ പാരയാകുന്ന നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ സ്പാനിഷ് ഫുട്ബോൾ താരം അൽവാരോ മൊറാട്ടോയ്ക്ക് കിട്ടിയത്. കൊടുത്തതാകട്ടെ ഇറ്റലിയിലെ ഒരു മേയറും. ആ കഥയിങ്ങനെയാണ്.

2024-യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമില്‍ അംഗമായ അല്‍വാരോ മൊറാറ്റോ ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇറ്റാലിയന്‍ ക്ലബ്ലായ എസി മിലാനിലേക്ക് ചേക്കേറിയത്. കുടുംബത്തോടൊപ്പം ഇറ്റലിയിലെത്തിയ മൊറാറ്റോ സ്വസ്ഥമായ ജീവിതം ആഗ്രഹിച്ചു. വടക്കന്‍ ഇറ്റാലിയന്‍ നഗരമായ മിലാന്റെ പ്രാന്തപ്രദേശമായിരുന്നു സമാധാനജീവിതം നയിക്കാനായി അദ്ദേഹം തെരഞ്ഞെടുത്തത്. അങ്ങനെ കോര്‍ബറ്റ മുനിസിപ്പാലിറ്റിയില്‍ മൊറാറ്റോയും കുടുംബവും മനസിനിണങ്ങുന്ന ഒരു വീടും കണ്ടെത്തി താമസം മാറാനിരിക്കെയാണ് എല്ലാ സ്വപ്നങ്ങളും തകര്‍ത്തുള്ള ആ ഇന്‍സ്റ്റ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 31-കാരനായ സൂപ്പര്‍ താരത്തിന്റെ വരവില്‍ ത്രില്ലടിച്ച കോര്‍ബെറ്റയുടെ മേയര്‍ മാര്‍ക്കോ ബല്ലാരിനി ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തിന് സ്വാഗതമോതി കൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു.

”ഇത് ഏപ്രില്‍ ഒന്നല്ല, അതിനാല്‍ വിഡ്ഢി ദിനവുമല്ല. ചാമ്പ്യന്‍ അല്‍വാരോ മൊറാറ്റോ ഞങ്ങളുടെ പുതിയ കോര്‍ബെറ്റ നിവാസിയാണ്” ബല്ലാരിനി എഴുതി. ശുദ്ധഗതിക്കാരനായ മേയര്‍ പറ്റിച്ച പണി ഓര്‍ത്ത് അല്‍വാരോ മൊറാറ്റോ മേയറുടെ കുറിപ്പിനെതിരെ ദേഷ്യത്തോടെ രംഗത്തെത്തി. തന്റെ സ്വകാര്യതയെ ബല്ലാരിനി ലംഘിച്ചതായി കാണിച്ച മൊറാറ്റോ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മേയര്‍ക്കെതിരെ രംഗത്തുവന്നു. ” പുതിയ സ്ഥലത്ത് വീട് വാങ്ങിയ കാര്യം തന്റെ അടുത്ത കൂട്ടുകാരോട് പോലും അല്‍വാരസ് മൊറാറ്റോ വെളിപ്പെടുത്തിയിരുന്നില്ല. ഇതാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മേയര്‍ തകര്‍ത്തെറിഞ്ഞത്. ഏതായാലും കോര്‍ബറ്റെ മേയര്‍ ഒപ്പിച്ച പണിയില്‍ സമാധാനത്തോടെ ജീവിക്കാമായിരുന്ന വീട്ടില്‍ താസിക്കാതെ മറ്റൊരു വീട് കണ്ടെത്തി അവിടേക്ക് മാറാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.

”ഭാഗ്യവശാല്‍ എനിക്ക് വിലപിടിപ്പുള്ള സ്വത്തൊന്നുമില്ല. എന്റെ ഒരേയൊരു നിധി എന്റെ മക്കളാണ്. അവരുടെ സുരക്ഷ മേയര്‍ അപകടത്തിലാക്കിയിരിക്കുന്നു. കോര്‍ബെറ്റ മുനിസിപ്പാലിറ്റി എനിക്ക് സ്വകാര്യത ഉറപ്പുനല്‍കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും പൗരന്മാരെ സംരക്ഷിക്കാനുമുള്ള നിങ്ങളുടെ കഴിവില്ലായ്മ കാരണം എനിക്ക് പെട്ടെന്ന് വീട് മാറേണ്ടി വന്നിരിക്കുകയാണ്.”-റോയിട്ടേഴ്‌സിന് വേണ്ടി മൊറാറ്റോ ഇങ്ങനെ എഴുതി. പക്ഷേ ബല്ലാരിനി ക്ഷമ പറയേണ്ടതിന് പകരം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഇന്റര്‍ മിലാന്റെ ബാഡ്ജും നിറങ്ങളും വെച്ച് ”സിയാവോ” (ഗുഡ്ബൈ) എന്ന് എഴുതിയാണ് മൊറാറ്റോയുടെ മറുപടിയോട് പ്രതികരിച്ചത്. ഏതായാലും വെളുക്കാന്‍ തേച്ചത് പാണ്ട് ആയി മാറിയ മലയാളത്തിലെ ചൊല്ലിനെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ഇറ്റാലിയന്‍ മേയറുടെ ഇന്‍സ്റ്റ പോസ്റ്റ്. എസി മിലാനില്‍ എത്തുന്നതിന് മുമ്പ് അല്‍വാരസ് മൊറാറ്റോ റയല്‍ മാഡ്രിഡ്, യുവന്റസ്, ചെല്‍സി തുടങ്ങിയ ഒന്നാംനിര ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്.