ജനഹൃദയങ്ങളിലെ അണയാത്ത ഓര്‍മ്മ; ഇന്ന് കോടിയേരി ബാലകൃഷ്ണൻ ദിനം

0
76

സഖാവ് കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിട്ട് രണ്ട് വർഷം തികയുന്നു. കർക്കശ്യങ്ങളുടെ ഭാരമില്ലാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ നയതന്ത്രജ്ഞതയുടെയും, സമവായത്തിന്റെയും കമ്മ്യൂണിസ്റ്റ് മുഖമായിരുന്നു കോടിയേരി. സമരങ്ങളും സംഭവങ്ങളും നിറഞ്ഞ ആ ജീവിതത്തിന് കോടിക്കണക്കിന് ആളുകളുടെ മനസ്സിൽ മരണമില്ല. പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. സിപിഐഎം മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

ഭരണാധികാരി – പാർലമെന്‍റേറിയൻ എന്നീ നിലയിൽ കോടിയേരി ബാലകൃഷ്ണന്‍റെ പാദമുദ്ര ഇന്നും അവശേഷിക്കുന്നു എന്നതാണ് കോടിയേരിയെ വ്യത്യസ്ഥനാക്കുന്നത്. പൊലീസിന്‍റെ മുഖമുദ്ര മാറ്റിയ ആഭ്യന്തരമന്ത്രി, കേരള ടൂറിസത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിന്‍റെ അമരക്കാരൻ, മന്ത്രിയായും പ്രതിപക്ഷ ഉപനേതാവായും നിയമസഭയിൽ ഉയർത്തിയ ശക്തമായ നിലപാടുകൾ ഇന്നും ചർച്ചയാകുന്നവയും.

ഒരു കാലത്ത് പൊലീസിന്‍റെ കൊടിയ മർദ്ദനമേറ്റ വ്യക്തി തന്നെ കാലചക്രം മാറുമ്പോൾ പൊലീസിന് ജനകീയ മുഖം നൽകുന്നു. പൊലീസിനെ ഭരണകൂടത്തിന്‍റെ മര്‍ദനോപകരണം എന്ന കുപ്രസിദ്ധിയില്‍ നിന്ന് ജനസേവകരാക്കി മാറ്റിയെടുക്കുക എന്ന വലിയ കടമ്പയാണ് കോടിയേരി ബാലകൃഷ്ണൻ എന്ന അഭ്യന്തര മന്ത്രി യാഥാർത്ഥ്യമാക്കിയത്. കേരളാ പൊലീസിനെ ആധുനികവല്‍ക്കരിക്കുന്നതിലും പൊലീസുകാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവനയാണ് ആഭ്യന്തരമന്ത്രി എന്ന നിലയിൽ അദ്ദേഹം നല്‍കിയത്. കേരളീയർക്ക് പുതിയൊരു അനുഭവമായിരുന്നു ജനമൈത്രി പൊലീസ്.

ക്രമസമാധാനപാലനത്തില്‍ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയര്‍ത്തിയതും ഇതിനുശേഷമാണ്. പൊലീസ് ഉദ്യോദസ്ഥരുടെ പ്രൊമോഷൻ, സ്റ്റേഷനുകളുടെ നവീകരണം, ആധുനികവത്കരണം, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, തണ്ടർബോൾട്ട്, തീരദേശ പൊലീസ്, ശബരിമലയിലെ വിർച്വൽ ക്യൂ, ഇങ്ങനെ അനവധിയാണ് കോടിയേരി പൊലീസ് സേനയിൽ കൊണ്ടുവന്ന മാറ്റങ്ങൾ. ജയിൽ സമം ഗോതമ്പുണ്ട എന്ന സമവാക്യത്തെ കോടിയേരി തിരുത്തി. ചപ്പാത്തി മുതൽ ബിരിയാണി വരെ ഉണ്ടാക്കുകയും വിപണനം ചെയ്യുന്നതുമായ കേന്ദ്രങ്ങളായി ജയിൽ മാറി. പഴഞ്ചൻ പൊലീസ് ജീപ്പിന് പകരം വെളുത്ത ബൊലേറോ ജീപ്പ് പൊലീസിനായി ഓടി തുടങ്ങിയ കാലം. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കര്‍ശന നിലപാടെടുക്കാനും അത് തടയാനും കഴിഞ്ഞു. പൊലീസ് നിയമത്തിലും ജയില്‍ നിയമത്തിലും കാലാനുസൃതമായ മാറ്റംവരുത്തുവാനും ഒരു മന്ത്രിയെന്ന നിലയിൽ കോടിയേരി ബാലകൃഷ്ണൻ ശ്രമിച്ചു.