ഇന്ത്യൻ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന ടൈഗർ റോബിയുടെ ആരോപണം തള്ളി പൊലീസ്

0
240

രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർ തന്നെ മർദിച്ചെന്ന ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബിയുടെ ആരോപണം പൊലീസ് തള്ളി. സ്റ്റേഡിയത്തിൽ കുഴഞ്ഞുവീണ ഇയാളെ കാൺപൂർ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഒരുകൂട്ടം ആരാധകർ സ്റ്റേഡിയത്തിൽ വച്ച് തന്നെ മർദിക്കുകയും പുറത്തും വയറിലും ചവിട്ടുകയും ചെയ്തുവെന്നാണ് റോബിയുടെ പരാതി.

എന്നാൽ അസുഖം ബാധിച്ചതിനെ തുടർന്നാണ് സ്റ്റേഡിയത്തിൽ വീണതെന്നും, ഇപ്പോൾ ആരോഗ്യ നിലയിൽ മാറ്റമുണ്ടെന്നും ബംഗ്ലദേശ് ആരാധകൻ പ്രതികരിച്ചു.ടെസ്റ്റിന് ഒരു ദിവസം മുൻപ് ടൈഗർ റോബിക്ക് നിർജലീകരണവും വയറിളക്കവും അനുഭവപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതു കാര്യമാക്കാതെയാണ് ഇയാൾ രണ്ടാം ടെസ്റ്റ് കാണാൻ സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ ആദ്യ ദിവസം ലഞ്ചിനു പിന്നാലെ ടൈഗർ റോബി ഗാലറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

സ്റ്റേഡിയത്തില്‍വെച്ചു തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയ റോബിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മര്‍ദ്ദനമേറ്റെന്ന പരാതി റോബി നിഷേധിച്ചുവെന്നും കല്യാണ്‍പൂര്‍ അസി. കമ്മീഷണര്‍ അഭിഷേക് പാണ്ഡെ പ്രതികരിച്ചു.