കേരളക്കരയാകെ കാത്തിരിക്കുന്ന ജലപ്പൂരത്തിന് പുന്നമടയില്‍ തുടക്കമായി

0
240

കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജലപൂരം പുന്നമടയിൽ ആരംഭിച്ചു. പൂരത്തിൻ്റെ വരവറിയിച്ച് പുന്നമടക്കായലിൽ ആവേശകരമായ തുഴച്ചിൽ നടത്തിയാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് അവസാനിച്ചത്. വള്ളംകളി മന്ത്രി പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്തു. ഇന്ന് ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങളാണ് മത്സരിക്കുന്നത്.

ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും മാസ്ഡ്രില്ലിന് ശേഷം നടക്കും. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ വൈകീട്ട് 4 മണിക്ക് ശേഷമാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.

വൈകീട്ട് നാല് മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

വൈകീട്ട് 5.30ഓടെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വള്ളംകളിയായതിനാല്‍ ഇന്ന് ആലപ്പുഴ ജില്ലയില്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.