അർജുൻ്റെ മൃതദേഹം ഏറ്റുവാങ്ങി; ആദരാഞ്ജലി അർപ്പിച്ച് കേരളം

0
74
Oplus_131072

അർജുന് കണ്ണീരോടെ യാത്രയയപ്പ് നൽകാന് നാട്. അർജുൻ്റെ മൃതദേഹം വഹിച്ചുള്ള വാഹനം കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിലെത്തി. സർക്കാർ പ്രതിനിധിയായി മന്ത്രി എ കെ ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. കർണാടക പൊലീസ്, കാർവാർ എംഎൽഎ സതീശ കൃഷ്ണ സെയിൽ, ഈശ്വർ മാൽപെ എന്നിവർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് വഴി നീളെ കാത്തുനിന്നത്. കണ്ണാടിക്കലിനെ വീട്ടുവളപ്പിലാകും സംസ്‌കാരം. സംസ്‌കാരവുമായി ബന്ധപ്പെട്ട് കണ്ണാടിക്കല്‍ ജംഗ്ഷന്‍ , കക്കോടി പാലം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയും. അര്‍ജുന്റെ വീടിന് സമീപത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല.

വികാര നിര്‍ഭരമായാണ് കേരളം അര്‍ജുനെ ഏറ്റുവാങ്ങിയത്. കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. പൂളാടിക്കുന്നില്‍ നിന്ന് ആരംഭിക്കുന്ന വിലാപയാത്രയ്ക്ക് ലോറി ഡ്രൈവര്‍മാരും കണ്ണാടിക്കലില്‍ നിന്ന് ജനകീയ കൂട്ടായ്മയും നേതൃത്വം നല്‍കും. ഒരു മണിക്കൂര്‍ നേരം വീട്ടില്‍ പൊതുദര്‍ശത്തിന് വെച്ചശേഷം പതിനൊന്ന് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.

അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കര്‍ണാടക സര്‍ക്കാര്‍ ആണ് വഹിക്കുക.വ്യാഴാഴ്ച വൈകിയാണ് മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ സാമ്പിള്‍ ഫൊറന്‍സിക് ലാബില്‍ എത്തിച്ചത്. രാവിലെ മുതല്‍ പരിശോധനയും തുടങ്ങിയിരുന്നു. ഷിരൂര്‍ ദുരന്തമുഖത്ത് നിഴലിച്ചത് ഉള്ളുലഞ്ഞ കാഴ്ചകളായിരുന്നു. ക്യാബിനുള്ളില്‍ മകനായി അര്‍ജുന്‍ കരുതിവെച്ച കുഞ്ഞുലോറിയും വസ്ത്രങ്ങളും ഇന്നലെ കണ്ടെത്തിയിരുന്നു .ഗംഗാവലിപ്പുഴയില്‍ നിന്ന് പുറത്തെടുത്തശേഷം ലോറി പൊളിച്ച് പരിശോധിക്കുന്നതിനിടയിലാണ് അര്‍ജുന്‍ അവസാനമായി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ കൂട്ടത്തില്‍ മകന്റെ കളിപ്പാട്ടവും കണ്ടെത്തിയത്. വീട്ടില്‍ മകനോടൊപ്പം കളിച്ച ശേഷം യാത്ര പോകുമ്പോള്‍ കളിപ്പാട്ട ലോറി ക്യാബിനില്‍ അര്‍ജുന്‍ വയ്ക്കുന്നത് പതിവായിരുന്നു.

ബുധനാഴ്ച ലോറിയുടെ ക്യാബിനില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹഭാഗം കണ്ടെത്തിയത്.കരയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെ ഇജ 2 പോയിന്റില്‍ നിന്നാണ് ലോറി കണ്ടെത്തിയത്. 12 അടി താഴ്ചയില്‍ ചരിഞ്ഞ്കിടക്കുന്ന അവസ്ഥയിലായിരുന്നു ലോറി.