സിദ്ദിഖ് ഒളിവിൽ; ബലാത്സംഗക്കേസിൽ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചന

0
73

ബലാത്സംഗക്കേസിൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം മുന്നോട്ടുപോകുന്നതിനിടെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നിർണായക തീരുമാനവുമായി സിദ്ദിഖ്. ഇന്നലെ രാത്രി സിദ്ദിഖിൻ്റെ വാഹനം ആലപ്പുഴയിൽ കണ്ടതായി വിവരം ലഭിച്ചിരുന്നു. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലും നക്ഷത്ര ഹോട്ടലുകളിലും സിദ്ദിഖിനായി പൊലീസ് തിരച്ചിൽ നടത്തി. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിന് മുന്നിലാണ് കാർ കണ്ടത്.

ഹൈക്കോടതിയിലെ വിധിപ്പകർപ്പുമായി സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കീഴടങ്ങാനുള്ള ആലോചനകളും ഇന്നലെ രാത്രി വൈകി നടത്തിയിരുന്നു. ഇതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം. സിദ്ദിഖിന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്.

അവസാന ശ്രമം എന്ന നിലയിൽ ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീംകോടതിയിൽ ഹർജി നൽകാനാണ് ഒടുവിലെ തീരുമാനം. കേരളത്തിലെ അഭിഭാഷകൻ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളും നടത്തിയിട്ടുണ്ട്. ഡൽഹിയിലെ അഭിഭാഷകന് വിധിപ്പകർപ്പ് അയച്ചു നൽകി. വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിൽ സമീപകാലത്ത് പരാതി നൽകിയത് അടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതിയിൽ ഉയർത്താനാണ് നീക്കം. സിദ്ദിഖിന്റെ മകൻ രാത്രി വൈകിയും കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.