എലോൺ മസ്‌കിൻ്റെ ടെസ്‌ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി പിയൂഷ് ഗോയൽ

0
134

എലോൺ മസ്‌കിൻ്റെ ടെസ്‌ലയെ ഇന്ത്യയിൽ വന്ന് ഉൽപ്പാദനം ആരംഭിക്കാൻ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. താൻ ആവശ്യപ്പെട്ട സബ്‌സിഡികളെ കുറിച്ച് ചോദിച്ചപ്പോൾ മസ്‌കിന് സർക്കാർ രണ്ട് ഓപ്ഷനുകൾ നൽകിയതായി ഗോയൽ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് അഭിമാനകരമായ പ്രകടനമാണ് ഇന്ത്യന്‍ കമ്പനികള്‍ കാഴ്ച വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റ, മഹിന്ദ്ര തുടങ്ങിയ കമ്പനികളെ അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചു. നിരവധിവിദേശ കമ്പനികളും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വലിയ വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ടെസ്ലയേയും സ്വാഗതം ചെയ്യുന്നതായി പീയുഷ് ഗോയല്‍ പറഞ്ഞു.

ഇന്ത്യയിലേക്ക് വരാനും ഇവിടെ നിര്‍മാണം നടത്താനും കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ ഇലക്ട്രിക് വാഹന നയം ഞങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. രണ്ട് ഓപ്ഷനുകളാണ് കമ്പനികള്‍ക്ക് നല്‍കുന്നത്. രാജ്യത്തേക്ക് വരികയും ഉല്‍പ്പാദനം നടത്തുകയും ചെയ്യുന്നവര്‍ക്ക് സബ്‌സിഡി നല്‍കുകയാണ് ആദ്യത്തേത്. അല്ലെങ്കില്‍ കുറഞ്ഞ ഇറക്കുമതി തീരുവയില്‍ വാഹനങ്ങള്‍ ഇവിടേക്ക് ഇറക്കുമതി ചെയ്യാം. വിപണി സൃഷ്ടിക്കാനും ചാര്‍ജിങ്ങുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ഇതുവഴി സാധിക്കും -ഗോയല്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ടെസ്ലയുടെ മേധാവി ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ഇന്ത്യ സന്ദര്‍ശനത്തില്‍ നിന്നും പിന്മാറുന്നതായും അറിയിച്ചു. ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് സന്ദര്‍ശനം നീട്ടിവെക്കുന്നതെന്നായിരുന്നു മസ്‌ക് നല്‍കിയ വിശദീകരണം. ഈ വര്‍ഷം അവസാനത്തോടെ മോദിയെ കാണുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.