കോൾഡ് പ്ലേ ബാൻഡിൻ്റെ ടിക്കറ്റ് വിൽപന അട്ടിമറിച്ചു; ബുക്ക് മൈ ഷോയ്‌ക്കെതിരെ പരാതി

0
255

കോൾഡ് പ്ലേ ബാൻഡിൻ്റെ ടിക്കറ്റ് വിൽപന അട്ടിമറിച്ചതായി ആക്ഷേപിച്ച് ബുക്ക് മൈ ഷോയ്‌ക്കെതിരെ പരാതി നൽകി യുവമോർച്ച. 500 കോടിയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം. ജനുവരിയിൽ മുംബൈയിൽ മൂന്നു ദിവസത്തെ സംഗീത പരിപാടി നടക്കും. ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയായ ബുക്ക് മൈ ഷോ മിനിറ്റുകൾക്കകം ടിക്കറ്റ് വിറ്റുതീർന്നു.

ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ വിൽക്കുന്നതെന്ന് ബിജെവൈഎം അംഗമായ തേജീന്ദർ സിംഗ് തിവാന പറഞ്ഞു. എന്നാൽ തേർഡ് പാർട്ടി സൈറ്റുകളിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻ്റുമാർക്കായി ബുക്ക് മൈ ഷോ പ്രത്യേക ലിങ്കുകൾ സൃഷ്ടിച്ചു. ടിക്കറ്റുകൾക്ക് ഉയർന്ന വില ഈടാക്കാൻ അവരെ അനുവദിച്ചെന്നുമാണ് പരാതി.

എന്നാൽ തേർഡ് പാർട്ടി സൈറ്റുകളിൽ പലമടങ്ങ് ഇരട്ടി വിലയിൽ ടിക്കറ്റ് ലഭ്യമാണ്. ഈ സൈറ്റുകളുമായി ബന്ധമില്ലെന്നും പോലീസിനെ സമീപിക്കും എന്നും കമ്പനി വ്യക്തമാക്കി. 3 ലക്ഷം രൂപയ്ക്ക് വരെയാണ് തേർഡ് പാർട്ടി സൈറ്റുകളിൽ ടിക്കറ്റ് വിൽപന നടക്കുന്നത്. കോൾഡ് പ്ലേയുടെ ആരാധാകരെ ചൂഷണം ചെയ്യുന്നതിനായാണ് ഇത്തരത്തിൽ ബ്ലാക്ക് മാർക്കറ്റിലെ ടിക്കറ്റ് വിൽപന നടത്തുന്നത്. ജനുവരി 18, 19,21 തീയതികളിലാണ് മുംബൈയിൽ പരിപാടി നടക്കുക.

2,500 മുതൽ 35,000 രൂപ വരെയാണ് ഒരു ടിക്കറ്റിന്റെ വില. 2016ലാണ് കോൾഡ്‌പ്ലേ ഇന്ത്യയിൽ അവസാനമായി പരിപാടി അവതരിപ്പിച്ചത്. ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിന്റെ ഭാഗമായി ഹ്രസ്വമായ പരിപാടിയായിരുന്നു അവതരിപ്പിച്ചത്. ഇപ്പോൾ നീണ്ട 9 വർഷത്തിനു ശേഷം മുഴുനീള സംഗീതപരിപാടിയുമായാണ് കോൾഡ്പ്ലേ ഇന്ത്യയിലെത്തുന്നത്.