ഇടവേളകളിൽ രജനീകാന്ത് തറയിൽ കിടന്നായിരുന്നു ഉറങ്ങാറുണ്ടായിരുന്നത്; അമിതാഭ് ബച്ചൻ

0
91

33 വർഷങ്ങൾക്ക് ശേഷം ബിഗ്ബി അമിതാഭ് ബച്ചനും തമിഴിലെ തലൈവർ രജനികാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വേട്ടയാൻ’. ഇരുവരും ഒന്നിക്കുന്ന നാലാമത്തെയും അമിതാഭ് ബച്ചൻ്റെ ആദ്യ തമിഴ് ചിത്രവുമാണ് വേട്ടയാൻ. വെള്ളിത്തിരയിൽ പുറത്തും ഇരുവരും മികച്ച സുഹൃത്തുക്കളാണ്.
ഇപ്പോഴിതാ രജനീക്കൊപ്പം അഭിനയിച്ച 1991-ൽ പുറത്തിറങ്ങിയ ‘ഹം’ ന്റെ സെറ്റിൽ നടന്ന അനുഭവം പങ്കുവെക്കുകയാണ് അമിതാഭ് ബച്ചൻ.

‘ഹമ്മിൻ്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഇടവേളയിൽ ഞാൻ എന്‍റെ എസി വാഹനത്തിൽ വിശ്രമിക്കാറുണ്ടായിരുന്നു, എന്നാൽ മിക്കപ്പോഴും ഇടവേളകളിൽ രജനീകാന്ത് തറയിൽ കിടന്നായിരുന്നു ഉറങ്ങാറുണ്ടായിരുന്നത്. അദ്ദേഹം വളരെ ലളിതമായി പെരുമാറുന്നത് കണ്ട് ഞാനും വാഹനത്തിൽ നിന്ന് ഇറങ്ങി പുറത്ത് വിശ്രമിച്ചു,” എന്നായിരുന്നു അമിതാഭ് ബച്ചന്‍ പറഞ്ഞത്. രജനീകാന്ത് എല്ലാ താരങ്ങളുടെയും സൂപ്പർ സുപ്രീം ആണെന്നും അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടു.

ചെന്നൈയിൽ വെച്ചുനടന്ന ‘വേട്ടയാൻ’ ന്റെ ഓഡിയോ ലോഞ്ചിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചടങ്ങിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഹം കൂടാതെ, അന്ധ കാനൂൻ, ഗെരാഫ്താർ തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായ ‘ജയ് ഭീം’ ന് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയാൻ ഒക്ടോബർ 10 നാണ് തീയറ്ററുകയിൽ എത്തുക.ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ, വിജെ രക്ഷൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സത്യദേവ് എന്ന കഥാപാത്രത്തെയാണ് ബച്ചൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വേട്ടയാനിലെ ഗാനം ഇതിനകം സൂപ്പർ ഹിറ്റാണ്. യൂട്യൂബിൽ വെറുതെ ഒന്ന് കയറിയാൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് ട്രെൻഡ് ചെയ്യുന്നത് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരുടെയും രജനീകാന്തിന്റെയും ‘മനസ്സിലായോ…’ എന്ന പാട്ടാണ്.