ഡിജിറ്റൽ ഇന്ത്യ മാജിക്ക്; സ്മാർട്ട് വാച്ചിലെ ക്യൂആർ വഴി പണം സ്വീകരിച്ച് ഓട്ടോ ഡ്രൈവർ

0
134

ബംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ ഓട്ടോ കൂലി സ്‌മാർട്ട് വാച്ചിൽ ക്യുആർ കോഡ് മുഖേന പണം സ്വീകരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും വൈറലായ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ മാന്ത്രികതയെന്ന് റെയിൽവേ മന്ത്രി ട്വിറ്ററിൽ കുറിച്ചു.

നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2016ൽ ആരംഭിച്ച യുപിഐ പുതിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ഈ സാങ്കേതികവിദ്യ ഒരു ഓട്ടോ യാത്രയ്‌ക്ക് പണം നൽകുന്നത് പോലെ ദൈനംദിന ഇടപാടുകൾ പോലും അനായാസം ആക്കിയിട്ടുണ്ട്. യു പിഐ വന്നതോടെ പേയ്‌മെൻ്റുകൾ വളരെ എളുപ്പമായി എന്ന് കുറിച്ചാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. വിശ്വജീത്ത് എന്നയാളാണ് എക്സില്‍ ആദ്യം ഈ പോസ്റ്റ് പങ്കുവെച്ചത്.

ബെം​ഗളൂരു ഇന്ത്യയുടെ ടെക്സിറ്റിയാണെന്ന് പറയുന്നത് വെറുതെയല്ലെന്നാണ് എക്സ് പോസ്റ്റിൽ ഒരു ഉപയോക്താവ് കുറിച്ചത്. ഇതാണ് ഡിജിറ്റൽ ഇന്ത്യയുടെ മാജിക്, ഓട്ടോ ഡ്രൈവർ കൂടുതൽ ഡിജിറ്റലാകുന്നുവെന്നും കാലത്തിനൊപ്പമുള്ള മാറ്റമാണെന്നത് ഉൾപ്പടെയുള്ള കമൻ്റുകളാണ് പോസ്റ്റിൽ നിറയുന്നത്.