‘വാഴ’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്; ഡേറ്റ് പ്രഖ്യാപിച്ചു 

0
285

തിയേറ്ററുകളിലെ സിനിമകളുടെ വിജയപരാജയങ്ങൾ പ്രവചിക്കാൻ ഒരു വലിയ സിനിമാപ്രേക്ഷകനും കഴിയാറില്ല. റിലീസിന് മുൻപേ വൻ ഹൈപ്പുമായി എത്തുന്ന പല ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ പരാജയപ്പെടുമ്പോൾ, അമിത പ്രതീക്ഷകളില്ലാതെ എത്തുന്ന ചില ചിത്രങ്ങൾ മികച്ച വിജയം നേടുന്നു. വാഴ അത്തരമൊരു ചിത്രമാണ്.

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളിൽ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് ‘വാഴ’. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. ചിത്രമിപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. സെപ്റ്റംബർ 23 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററിലൂടെ വാഴ പ്രേക്ഷകർക്ക് മുന്നിലെത്തും.

ആനന്ദ് മേനന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തീയേറ്റർ റിലീസ് ഓഗസ്റ്റ് 15 ന് ആയിരുന്നു. ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകന്‍ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.ഒരുപാട് ആൺകുട്ടികളുടെ ആത്മകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച വിജയം നേടിയ ‘വാഴ’യുടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു.വാഴ 2, ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യൺ ബോയ്സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ ടാഗ് ലെെന്‍. വാഴ സിനിമയുടെ അവസാനത്തിൽ തന്നെ ‘ഹാഷിറേ ടീം’ നായകരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകൾ ഉണ്ടായിരുന്നു. പിന്നീട് കണ്ടന്റ് ക്രിയേറ്റർമാരായ ഹാഷിർ, അർജുൻ, വിനായകന്, അലൻ എന്നിവരടങ്ങുന്ന ടൈറ്റിൽ പോസ്റ്റര്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് വിപിൻ ദാസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നും വിപിൻ ദാസ് പറയുന്നു.