സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കാര്‍മേഘം മൂടിയ അന്തരീക്ഷമായിരിക്കുമെന്നും. ചില സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിപ്പിലുണ്ട്. നജ്റാന്‍, മദീന എന്നീ പ്രദേശങ്ങളുടെ ചില മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്യാനുള്ള സാഹചര്യമാണ് ഉള്ളതെന്ന് ശനിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഈ പ്രദേശങ്ങളിലെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ചെങ്കടലില്‍ വടക്കുപടിഞ്ഞാറ് നിന്ന് തെക്കുപടിഞ്ഞാറ് ദിശയിലേക്ക് 20 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയിലും പടിഞ്ഞാറ് നിന്ന് തെക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 18 മുതല്‍ 38 വരെ കിലോമീറ്റര്‍ വേഗതയില്‍ ഉപരിതല കാറ്റ് വീശുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചെങ്കടലിന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളില്‍ ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടുന്നതോടെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതായും കടലില്‍ ഇറങ്ങുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.