വയനാട് ദുരന്തം; ചെലവായ തുക സംബന്ധിച്ച മാധ്യമവാർത്തകൾ വ്യാജം

0
27

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങളിൽ ചെലവായ തുക സംബന്ധിച്ച മാധ്യമവാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് വാർത്താക്കുറിപ്പ് ഇറക്കി.

ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്. വസ്തുത ഇതായിരിക്കെ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണം. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു