ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് ഈ ബുധനാഴ്ച

0
194

ജമ്മു കശ്മീരിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം അവസാനിച്ചു. ബുധനാഴ്ച നടക്കുന്ന ആദ്യ വോട്ടെടുപ്പിൽ 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഈ വർഷം ജമ്മു കശ്മീരിലെ 90 അംഗ നിയമസഭയിലേക്കാണ് മത്സരം നടക്കുന്നത്.

ജമ്മു കാശ്മീരിനെ ഭീകരവാദത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടാനാണ് കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും ശ്രമമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. അനിച്ഛേദം 370 ചരിത്രമായെന്നും, ആരു വിചാരിച്ചാലും അത് മടക്കി കൊണ്ടുവരാൻ ആകില്ലെന്നും പ്രചാരണത്തിന് എത്തിയ അമിത് ഷാ വ്യക്തമാക്കി.

PDP നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി,സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കോൺഗ്രസ്‌ മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ എന്നിവയാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർഥികൾ.

അതേസമയം, ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, ഭീകരാക്രമണങ്ങൾ പതിവായ സാഹചര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷാ ഏജൻസികളോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും സുരക്ഷ ഉറപ്പാക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.
സംസ്ഥാനത്ത് സെപ്തംബർ 25 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും ഒക്ടോബർ ഒന്നിന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പും നടക്കും.