അട്ടപ്പാടി ഉൾപ്പെടെ അഞ്ച് ഗ്രാമങ്ങളിൽ 5ജി സേവനം എത്തിച്ച് റിലയൻസ് ജിയോയും പട്ടികവർഗ വികസന വകുപ്പും

0
78

റിലയൻസ് ജിയോയും പട്ടികവർഗ വികസന വകുപ്പും ചേർന്നാണ് അട്ടപ്പാടി ഉൾപ്പെടെ അഞ്ച് ഗ്രാമങ്ങളിൽ 5ജി സേവനം എത്തിക്കുന്നത്. പാലക്കാട് അട്ടപ്പാടി ഉൾപ്പെടെ 5 ഗ്രാമങ്ങളിൽ 5ജി ഇൻ്റർനെറ്റ് സേവനം പട്ടികജാതി വികസന മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി അഗളി പഞ്ചായത്ത്, കോട്ട മേട്, ചിറ്റൂർ, വയനാട് പുൽപള്ളി മേലേകാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്റ്റഡി റൂമുകളിലും അങ്കണവാടികളിലും 5ജി സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിലവിൽ 1200 ഓളം തദ്ദേശീയ സങ്കേതങ്ങളിൽ ഇൻ്റർനെറ്റ് സൗകര്യമുണ്ട്. സങ്കേതങ്ങളിലെ താമസക്കാരുമായും വിദ്യാർത്ഥികളുമായും മന്ത്രി ഓൺലൈനിൽ സംസാരിച്ചു. പട്ടികവർഗ വികസന വകുപ്പും റിലയൻസ് ജിയോയുമായി സഹകരിച്ചാണ് 5 ജി എയർ ഫൈബർ സൗകര്യം തദ്ദേശീയ ഗ്രാമങ്ങളിൽ ആദ്യമായി ലഭ്യമാക്കിയത്.

കേബിളുകളുടെ സൗകര്യമില്ലാതെ പ്രവർത്തിക്കുന്നതിനാൽ കാലാവസ്ഥ സാഹചര്യങ്ങളിലും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും. തദ്ദേശീയ ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമുള്ള വിദ്യാഭ്യാസ- ആരോഗ്യ ക്ലാസുകൾ, തൊഴിൽ പരിശീലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഇതുവഴി നടത്താനാകും. ഉദ്ഘാടന യോഗത്തിൽ പട്ടികവർഗ ഡയറക്ടർ ഡോ. രേണുരാജ്, ജിയോ കേരള മേധാവി കെ സി നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.