കൊല്ലത്ത് സ്‌കൂട്ടർ യാത്രികയെ ഇടിച്ചിട്ടു, കാർ കയറ്റി കൊന്നു; പ്രതി പിടിയിൽ

0
77

കൊല്ലം മൈനാഗപ്പള്ളിയിൽ അനൂർക്കാവിയിൽ സ്കൂട്ടർ യാത്രികരെ കാർ ഇടിച്ചു വീഴ്ത്തി. റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയാണ് കാർ ഓടിച്ചവർ രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോൾ (45) മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു. ഒളിവിലായിരുന്ന കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മൽ ഇടിച്ചിട്ടുപിടിയിൽ. കാറും കാറിലുണ്ടായിരുന്ന യുവതി ഡോക്ടറെയും പോലീസ് നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു.

അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ കാര്‍ ഡ്രൈവര്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്തു. അപകടം കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ അവിടേക്ക് ശ്രദ്ധിക്കുകയും പാഞ്ഞെത്തുകയും ചെയ്തു. വാഹനം മുന്നോട്ടെടുക്കരുത് നിര്‍ത്തൂ എന്ന് നാട്ടുകാര്‍ വിളിച്ചുപറഞ്ഞെങ്കിലും നാട്ടുകാരെ കടന്ന് അവരുടെ കൈയില്‍ പെടാതെ ഡ്രൈവര്‍ അതിവേഗം കാര്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

കാര്‍ കുറച്ചുകൂടി മുന്നോട്ടുപോയെങ്കിലും നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി കാര്‍ നിര്‍ത്തിക്കാനായി. എങ്കിലും നാട്ടുകാരെ കബളിപ്പിച്ച് അജ്മല്‍ രക്ഷപ്പെടുകയും വനിതാ ഡോക്ടര്‍ കാറിലിരിക്കുകയുമായിരുന്നു.