എംപോക്സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സീന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ബയോടെക്നോളജി കമ്പനിയായ ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഎ–ബിഎൻ വാക്സീനാണ് ഡബ്ല്യുഎച്ച്ഒ പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. ആഫ്രിക്കയിൽ ഉൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വാക്സിന് ലോകാരോഗ്യസംഘടന അനുമതി നൽകിയത്. ബവേറിയൻ നോർഡിക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് അനുമതി നൽകിയത്.
അടിയന്തരമായി വാക്സീൻ ആവശ്യമുള്ള മേഖലകളിലേക്ക് മാത്രം എംവിഎ–ബിഎൻ വിതരണം ചെയ്യാനാണ് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം. ബവേറിയൻ നോർഡിക്കിന്റെ പരീക്ഷണങ്ങളുടെയും അതിൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസി നടത്തിയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് വാക്സീന് അംഗീകാരം നൽകിയത്. എംപോക്സ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യഅംഗീകൃത വാക്സിനാണ് ഇതെന്നും ഇത് പ്രധാന ചുവടുവെപ്പാണെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു.
ആഫ്രിക്കയിൽ നിലവിലുള്ള രോഗവ്യാപനപശ്ചാത്തലത്തിലും ഭാവിയിലും എംപോക്സ് പ്രതിരോധത്തിന് വാക്സിൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് വയസ്സും അതിനുമുകളിലും പ്രായമുള്ളവരിലാണ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഭാവിയിൽ രോഗവ്യാപനം അനിയന്ത്രിതമായാൽ പതിനെട്ടു വയസ്സിനു താഴെയുള്ളവരിലും ഉപയോഗിക്കാൻ അനുമതി നൽകും.
2022 മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്.