എഎംഎംഎയ്ക്ക് ബദലായി ട്രേഡ് യൂണിയൻ; അമ്മയിലെ വിമത നീക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് താരങ്ങൾ

0
117

അമ്മയിലെ വിമത നീക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് താരങ്ങൾ. എഎംഎംഎയ്ക്ക് ബദലായി ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് സംഘടനയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തിയുള്ള 20 പേരാണ് ട്രേഡ് യൂണിയൻ നീക്കങ്ങളിലേക്ക് കടന്നത്. കൂടുതൽ അഭിനേതാക്കളെ തങ്ങളോടൊപ്പം കൊണ്ടുപോകാനും ട്രേഡ് യൂണിയൻ എന്ന ആശയം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുമാണ് അവരുടെ തീരുമാനം.

ഫെഫ്കയുമായി ചേർന്നു പ്രവർത്തിക്കാനുള്ള നീക്കം ഫെഫ്ക തുടക്കം തന്നെ തടഞ്ഞിരുന്നു. അമ്മ സംഘടനയുടെ നിലനിൽപ്പ് ചോദ്യം ചെയ്യാത്ത തരത്തിൽ ഔദ്യോഗിക ട്രേഡ് യൂണിയൻ എന്ന ആശയം മുതിർന്ന താരങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനിടയുള്ള വിമത നീക്കങ്ങളെ എതിർക്കാനുള്ള ആലോചനകളാണ് ഔദ്യോഗികമായി നടക്കുന്നത്. ജനറൽബോഡി ചേർന്ന് ഭൂരിഭാഗ അഭിപ്രായം കേട്ട ശേഷം ആയിരിക്കും തുടർ നീക്കങ്ങൾ.

ഇരുപതിലേറെ താരങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഫെഫ്കയെ സമീപിച്ചെന്നായിരുന്നു ഇന്നലെ വന്ന റിപ്പോര്‍ട്ട്. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി അമ്മയിലെ താരങ്ങള്‍ ഫെഫ്കയെ സമീപിച്ചെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചിരുന്നു.