വാടകഗര്‍ഭപാത്രം നൽകുന്ന സ്ത്രീക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് സുപ്രീം കോടതി

0
117

വാടകഗര്‍ഭപാത്രം നൽകുന്ന സ്ത്രീക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് സുപ്രീം കോടതി. വാടകഗര്‍ഭപാത്രം തേടുന്ന ദമ്പതിമാരില്‍ നിന്ന് നേരിട്ടല്ലാതെ, നിശ്ചിത അതോറിറ്റി വഴി ഇതിനുള്ള സംവിധാനമുണ്ടാക്കുന്നത് ആലോചിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗര്‍ഭധാരണം ഇന്ത്യയില്‍ അനുവദനീയമല്ലെങ്കിലും ഗര്‍ഭംധരിക്കുന്ന സ്ത്രീ (സറോഗേറ്റ് മദര്‍) ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ സംവിധാനംവേണമെന്ന് സുപ്രീംകോടതി പറഞ്ഞു. വാടകഗര്‍ഭപാത്ര നിയന്ത്രണനിയമത്തിലെ വിവിധ വകുപ്പുകള്‍ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത പറഞ്ഞത്.

പണം നല്‍കിയുള്ള വാടകഗര്‍ഭധാരണം ഇന്ത്യയില്‍ നിയമപരമല്ലെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടി അറിയിച്ചു. വാടകഗര്‍ഭധാരണ നിയമത്തിലൂടെ ദമ്പതിമാരുടെ അവകാശങ്ങളല്ല, മറിച്ച് രക്ഷിതാക്കളില്ലാത്ത കുട്ടികളുടെ അവകാശങ്ങളാണ് സംരക്ഷിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വാടകഗര്‍ഭം ധരിക്കുന്നവര്‍ക്ക് എന്തെങ്കിലും നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് ഹര്‍ജിക്കാരില്‍ ചിലര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നകുല്‍ ദിവാന്‍ ചൂണ്ടിക്കാട്ടി. ചികിത്സാച്ചെലവും ഇന്‍ഷുറന്‍സും നല്‍കുന്നതിനെക്കുറിച്ച് മാത്രമാണ് നിയമത്തില്‍ പറയുന്നത്. ഒരു സ്ത്രീക്ക് ഒരിക്കല്‍മാത്രമേ വാടകഗര്‍ഭധാരണം നടത്താന്‍ നിയമം അനുവദിക്കുന്നുള്ളുവെന്നും അദ്ദേഹം അറിയിച്ചു.

വാടകഗര്‍ഭം ധരിക്കുന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ കുറഞ്ഞതും കൂടിയതുമായ പരിധി നിശ്ചയിക്കേണ്ടതുണ്ടെന്ന് അഡ്വ. മോഹിനി പ്രിയ ചൂണ്ടിക്കാട്ടി. ഇരട്ടക്കുട്ടികളാണെങ്കില്‍ കൂടുതല്‍ തുക നല്‍കേണ്ടതാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ വകുപ്പുകളാണ് പരിശോധിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ‘സറോഗേറ്റ് ബാങ്ക്’ പോലുള്ള കാര്യങ്ങളും പരിഗണിക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ നവംബര്‍ അഞ്ചിന് തുടര്‍വാദം നടക്കും.