മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് മമത ബാനർജി

0
132

കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാളിൽ പ്രതിഷേധം ഉയരുന്നതിനിടെ മുഖ്യമന്ത്രി മമത ബാനർജി അപ്രതീക്ഷിത പ്രഖ്യാപനം. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് മമത ബാനർജി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമരം തുടരുന്ന ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് ചര്‍ച്ചയ്ക്ക് എത്താത്തതോടെയാണ് മമത മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയാറെന്ന് അറിയിച്ചത്.

ആര്‍ ജി കര്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥകള്‍ക്ക് ഇന്നെങ്കിലും അറുതി വരുമെന്ന് താന്‍ കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മമത പറഞ്ഞു. സംഭവിച്ചതിനെല്ലാം ജനങ്ങളോട് മാപ്പുചോദിക്കുന്നു. രാജി വെക്കാന്‍ തയാറാണ്. ഇനി ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും മമത വാര്‍ത്താ സമ്മേളനത്തിലൂടെ അപേക്ഷിച്ചു. പ്രശ്‌ന പരിഹാരത്തിന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി താന്‍ വല്ലാതെ പരിശ്രമിക്കുന്നുണ്ടെങ്കിലും ചര്‍ച്ചയ്ക്ക് വരാന്‍ ഡോക്ടേഴ്‌സ് തയാറായില്ല. ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ രാജിവെക്കാന്‍ തയാറാകുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലൈവായി ടെലികാസ്റ്റ് ചെയ്യണമെന്നതില്‍ ഡോക്ടര്‍മാര്‍ ഉറച്ചുനിന്നെങ്കിലും ആവശ്യം അംഗീകരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയാറായില്ല. ഇതോടെ ഇന്നത്തെ കൂടിക്കാഴ്ചയും നടക്കാതെ വരികയായിരുന്നു. മീറ്റിംഗ് റെക്കോര്‍ഡ് ചെയ്യാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ലൈവായി തന്നെ ടെലികാസ്റ്റ് ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ കടുപ്പിച്ചു. ഇതോടെ അനുനയനീക്കങ്ങളെല്ലാം പാളി. ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടി സമയത്ത് യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം തുടരുന്നത്.