ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡൻ്റ് പിടി ഉഷയ്‌ക്കെതിരെ വിനേഷ് ഫോഗട്ട്

0
75

ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡൻ്റ് പിടി ഉഷയ്‌ക്കെതിരെ വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിനിടെ ആശുപത്രിയിൽ അദ്ദേഹത്തെ കാണാനെത്തിയ പി.ടി.ഉഷ തൻ്റെ സമ്മതമില്ലാതെയാണ് ഫോട്ടോ എടുത്തത്. അവർ തനിക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിച്ചതെന്നും വിനീഷ് കൂട്ടിച്ചേർത്തു. ഒളിമ്പ്യനായ പി.ടി.ഉഷ തൻ്റെ വേദന മനസ്സിലാക്കേണ്ടിയിരുന്ന വ്യക്തിയാണ്. പി ടി ഉഷ ആശുപത്രിയിൽ വിനീഷിനൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

“എനിക്ക് എന്ത് പിന്തുണയാണ് അവിടെ ലഭിച്ചതെന്ന് എനിക്കറിയില്ല. പിടി ഉഷ മാഡം എന്നെ ആശുപത്രിയിൽ വന്നുകണ്ടു. ഒരു ഫോട്ടോയും എടുത്തു. നിങ്ങൾ പറഞ്ഞത് പോലെ രാഷ്ട്രീയത്തിൽ പലതും നടക്കുന്നത് അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ്. അതുപോലെ പാരീസിലും രാഷ്ട്രീയത്തിന്റെ കള്ളക്കളികൾ നടന്നു. പലരും എന്നോട് പറഞ്ഞു ഗുസ്തി നിർത്തരുത് എന്ന്. എന്നാൽ ഞാൻ എന്തിനുവേണ്ടി തുടരണം എല്ലായിടത്തും രാഷ്ട്രീയമുണ്ട്”, ആ സമയത്ത് എൻ്റെ ഹൃദയം തകർന്നുപോയിരുന്നു വിനേഷ് പറഞ്ഞു. എന്നാൽ വിനേഷ് ഇപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങാതെ 2028 ഒളിമ്പിക്സിനായി തയ്യാറെടുക്കുകയാണ് വേണ്ടിയിരുന്നതെന്ന്, അമ്മാവനും ആദ്യ കോച്ചുമായ മഹാവീർ ഫോഗോട്ട് പ്രതികരിച്ചിരുന്നു.

അയോഗ്യയാക്കിയതിനെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അപ്പീൽ നൽകാൻ വൈകി. താൻ മുൻകൈയെടുത്താണ് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയത്. സർക്കാർ അപ്പോഴേക്കും മെഡൽ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നുവെന്നും വിനേഷ് പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

ഒളിമ്പിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായ വിനേഷ് ഫോഗട്ട് ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെയാണ് ഇനത്തില്‍ അയോഗ്യയാക്കിയത്. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ അനുവദനീയമായ ഭാരം കൂടിയതായി കണ്ടെത്തിയതാണ് ഫോഗട്ടിന് സ്വർണ്ണ മെഡൽ നഷ്ടമാകാൻ കാരണമായത്. എന്നാൽ ഈ നടപടിക്കെതിരെ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഇനത്തില്‍ അവസാന സ്ഥാനമായിരുന്നു ഫോഗട്ടിന് ലഭിച്ചത്.

സംഭവത്തിൽ ഐഒഎ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിൽ (സിഎഎസ്) അപ്പീൽ നൽകിയെങ്കിലും, പാരീസ് ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയായതിന് പിന്നാലെ വിനേഷ് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഉക്രൈനിന്റെ ഒക്‌സാന ലിവാച്ചിനെ 7-5 എന്ന സ്‌കോറിനായിരുന്നു വിനേഷ് പരാജയപ്പെടുത്തിയിരുന്നത്, റൗണ്ട് ഓഫ് 16ല്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ യുയി സുസാസ്‌കിയെ വിനേഷ് പരാജയപ്പെടുത്തിയിരുന്നു.

അതേസമയം, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് വിനേഷ് ഫോഗട്ട്.ജുലാന മണ്ഡലത്തിൽ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന താരം ജിന്ദ് മേഖലയിലാണ് ആദ്യം തെരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചത്. രാജ്യംവിടേണ്ടിവരുമെന്ന് കരുതിയപ്പോൾ കരുത്തുതന്നത് പ്രയങ്ക ​ഗാന്ധിയായിരുന്നുവെന്ന് വിനേഷ് വ്യക്തമാക്കിയിരുന്നു.ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളോടുള്ള ബിജെപിയുടെ മനോഭാവത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു വിനേഷ് ഫോഗട്ടിന്റെ കോൺഗ്രസ് പ്രവേശനം. തങ്ങൾ തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും പിന്തുണയുമായി എത്തിയെന്നും തങ്ങളുടെ വേദനയും കണ്ണുനീരും മനസിലാക്കാൻ മറ്റു പാർട്ടികൾക്ക് കഴിഞ്ഞുവെന്നും അവർ പറഞ്ഞു.