ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്രം നട വെള്ളിയാഴ്ച (13.09.2024) തുറക്കും. വൈകീട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരർ രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
കന്നിമാസ പൂജകള്‍ കൂടി ഉള്ളതിനാല്‍ ഭക്തര്‍ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭഗവാനെ തൊഴാനുള്ള അവസരമുണ്ടാകും. കന്നിമാസ പൂജകള്‍ക്ക് ശേഷം സെപ്തംബര്‍ 21 നാണ് നട അടയ്ക്കുക. ഓണത്തോടനുബന്ധിച്ച് ഉത്രാട നാളില്‍ മേല്‍ശാന്തിയുടേയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടേയും അവിട്ടം നാളില്‍ പൊലീസിന്റേയും വകയായി സന്നിധാനത്ത് ഓണ സദ്യയുണ്ടാകും.
ഓണം – കന്നിമാസ പൂജ കണക്കിലെടുത്ത് ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി ഒരുങ്ങി. ഓണത്തോടനുബന്ധിച്ചും കന്നിമാസ പൂജകൾക്കുമായി വെള്ളിയാഴ്ച ( 13 – 09 – 2024 ) വൈകുന്നേരം 05:00 മണിക്ക് ശബരിമല തിരുനടതുറക്കുകയും അടുത്ത ശനിയാഴ്ച (21 – 09 – 2024 ) രാത്രി 10:00 മണിക്ക് നട അടയ്ക്കുകയും ചെയ്യും. ഇത് കണക്കിലെടുക്കാണ് പ്രത്യേക സർവീസൊരുക്കിയിരിക്കുന്നത്.
ഭക്തർക്ക് വിപുലമായ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ കെ എസ് ആർ ടി സി പൂർത്തിയാക്കിക്കഴിഞ്ഞു. തീർഥാടകരുടെ സൗകര്യാർഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, ചെങ്ങന്നൂർ, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടാകും.