രാജ്യത്ത് ക്യാൻസർ മരുന്നുകളുടെ നികുതി കുറച്ചു

0
94

ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൻ്റെ ജിഎസ്ടി കുറയ്ക്കുന്നത് സംബന്ധിച്ച് നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇത് പരിശോധിക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചതായി ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് ക്യാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.

അതേസമയം കുര്‍കുറെ, ലെയ്സ് പോലുള്ള ലഘുഭക്ഷണ സാധനങ്ങളുടെ നികുതി 12 ശതമാനമായിരുന്നത് 18 ശതമാനമാക്കി ഉയര്‍ത്തി. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വരുമാനത്തില്‍ 412 ശതമാനം വര്‍ധനവുണ്ടായെന്നും വരുമാനം ആറ് മാസത്തിനിടെ 6909 കോടിയായെന്നും മന്ത്രി പറഞ്ഞു. ഇതേ കാലയളവില്‍ കാസിനോകളില്‍ നിന്നുള്ള വരുമാനത്തിലും 34 ശതമാനം വര്‍ധനവുണ്ടായി.

കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കാനും തീരുമാനിച്ചു. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു.