ഭാഗ്യക്കുറി മേഖലയിലെ നിയമവരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനുമായി ജില്ലാ മോണിറ്ററിങ് സമിതിയും സംസ്ഥാന സമിതിയും

0
78

കേരള സംസ്ഥാന ലോട്ടറി വിപണിയിലേക്കെത്തുമ്പോൾ വെല്ലുവിളി ഉയർത്തുന്നത് വ്യാജന്മാരാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനും ലോട്ടറി വകുപ്പിനെ കുറ്റമറ്റതാക്കുന്നതിനുമായി ലോട്ടറി വകുപ്പ് കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭാഗ്യക്കുറി മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി അഡിഷനൽ ഡയറക്ടർഓഫ് പൊലീസ് നേതൃത്വം നൽകുന്ന സംസ്ഥാന സമിതി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ജില്ലാ തലത്തിൽ ജില്ല കളക്ടർ നേതൃത്വം നൽകുന്ന ജില്ലാ മോണിറ്ററിങ് സമിതിയും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

ഭാഗ്യക്കുറി മേഖലയിലെ നിയമവരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി ലോട്ടറി ഇൻവസ്റ്റിഗേഷൻ യുണീറ്റ് പൊലീസ് തലത്തിൽ രൂപീകരിക്കുന്നതിനുള്ള നടപടികളും കൈകൊണ്ടിട്ടുണ്ട്. തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് കർശന ജാഗ്രത നിർദേശവും അവബോധവും ലോട്ടറി വകുപ്പ് നടത്തിവരുന്നുണ്ട്. ഇതിനായി ജില്ലാ തലത്തിൽ പഠനക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ഭാഗ്യക്കുറി ടിക്കറ്റുകളുടെ സമ്മാന ഘടന, നറുക്കെടുപ്പ് കലണ്ടർ, ടിക്കറ്റുകളുടെ പ്രിന്റഡ് ഓർഡർ തുടങ്ങി സമ്മാന വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പൂർണമായി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. 2020 മുതൽ നാഷണൽ ഇൻഫർമാറ്റിക് സെന്റർ തയ്യാറാക്കിയ ലോട്ടറി ഇൻഫർമേഷൻ സിസ്റ്റം എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും സുരക്ഷ നടപടികളുടെ ഭാഗമായി സിസിടിവി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏജന്റുമാരുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും സാധ്യമാക്കുന്നതിനായി www.lotteryagent.kerala.gov.in എന്ന വെബ് പോർട്ടൽ സംവിധാനവും നിലവിലുണ്ട്. ഭാഗ്യക്കുറി ടിക്കറ്റുകളുടെ ആധികാരികത ഉൾപ്പെടെയുള്ളവ പൊതുജനങ്ങൾക്ക് പരിശോധിക്കുന്നതിനായി ഭാഗ്യ കേരളം എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും നിലവിലുണ്ട്.