2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യുഎഇയ്‌ക്കെതിരെ സ്വന്തം നാട്ടിലെ തോൽവിക്ക് ശേഷം കൂടുതൽ കരുത്തോടെ ഉത്തരകൊറിയയെ നേരിടാനാണ് ഖത്തർ ശ്രമിക്കുന്നത്. രണ്ട് യുവതാരങ്ങളെക്കൂടി ടീമിലുൾപ്പെടുത്തി കളിക്കാർക്ക് ആത്മവിശ്വാസം പകരുകയാണ് പരിശീലകൻ മാർക്വേസ് ലോപ്പസ്.
ചൊവ്വാഴ്ച ലാവോസിലെ വിന്റിയാനിൽ നടക്കുന്ന മത്സരത്തിനുള്ള ഖത്തർ സംഘത്തിലേക്ക് അൽ ദുഹൈലിന്റെ എഡ്മിൽസൺ ജൂനിയർ, അൽ റയ്യാനിന്റെ യുവതാരം അഹ്മദ് അൽ റാവി എന്നിവരെയാണ് ഉൾപ്പെടുത്തിയത്. 20 കാരനായ അഹ്മദ് അൽ റാവി അൽ റയ്യാനിന്റെ മുന്നേറ്റ നിരയിലെ പുതിയ മിന്നൽപിണറായാണ് ദേശീയ ടീമിലേക്കെത്തുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് താരം ഖത്തർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. പ്രതിരോധ താരം ബാസം അൽ റാവിയുടെ സഹോദരൻ കൂടിയാണ് അഹ്മദ്. അൽ ദുഹൈലിന്റെ ബെൽജിയം വംശജനായ എഡ്മിൽസൺ ജൂനിയറാണ്ദേ ദേശീയടീമിൽ പുതുതായി ഉൾപ്പെടുത്തിയ മറ്റൊരു താരം.2018 മുതൽ അൽ ദുഹൈലിനു വേണ്ടി കളിക്കുന്ന 30 കാരൻ 125 മത്സരങ്ങളിൽ നിന്ന് 89ഗോളുകളാണ് ഇതിനകം അൽ ദുഹൈലിനു വേണ്ടി അടിച്ചുകൂട്ടിയത്.
ഖത്തറിൽ ആറു വർഷം പൂർത്തിയായതോടെയാണ് എഡ്മിൽസൺ ദേശീയ ടീമിന് കളിക്കാൻ യോഗ്യനായത്. ദേശീയ ടീമിൽ കളിക്കാൻ യോഗ്യത തെളിയിക്കുന്നതിനുള്ള പേപ്പർ വർക്കുകൾ കൂടി പൂർത്തിയാക്കി ഇടവേളയെടുത്താണ് കോച്ച് മാർക്വേസ് ലോപസ് എഡ്മിൽസണെ ടീമിലെത്തിക്കുന്നത്. ഫിഫ നിയമപ്രകാരം തുടർച്ചയായി അഞ്ചു വർഷത്തിലേറെ ഒരു രാജ്യത്ത് തുടർന്നാൽ, മറ്റു നടപടികൾ കൂടി പാലിച്ച് പുതിയ രാജ്യത്തിനായി കളിക്കാൻ അർഹനാണ്.
ആദ്യ കളിയിൽ യു.എ.ഇയോട് 3-1ന് തോറ്റെങ്കിലും ഗ്രൂപ്പിൽ ഇനിയും ഒമ്പത് മത്സരങ്ങൾ ശേഷിക്കെ ടീമിന് വിജയിക്കാനും ലോകകപ്പ് യോഗ്യത നേടാനും കഴിയുമെന്ന് മത്സരശേഷം കോച്ച് ലോപസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഉസ്ബകിസ്താനോട് തോൽവി വഴങ്ങിയാണ് ഉത്തര കൊറിയ ഖത്തറിനെ നേരിടുന്നത്.