സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി ചുമതലയേറ്റ് പ്രേംകുമാർ

0
54

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ ചുമതലയേറ്റു. നിയമപരമായി നിരപരാധിത്വം തെളിയിച്ച് രഞ്ജിത്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനമേറ്റ ശേഷം പ്രേംകുമാർ പ്രതികരിച്ചു. ഒരുപാട് പദ്ധതികൾ മുന്നിലുണ്ട്. വ്യക്തിപരമായി സന്തോഷവാനാണെന്ന് പറയാനാകില്ലെന്നും പ്രിയപ്പട്ട സുഹൃത്ത് സ്ഥാനം പ്രിയപ്പട്ട സുഹൃത്താണ് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രേം കുമാറിന്റെ വാക്കുകൾ:

‘സിനിമാ മേഖലയെ കുറിച്ച് നിരവധി വാർത്തകളാണ് വരുന്നത്. സിനിമയെ സ്നേഹിക്കുന്നവർ എല്ലാം വിഷമത്തിലാണ്. സർക്കാർ കാര്യക്ഷമമായി വിഷയത്തിൽ ഇടപെടുന്നുണ്ട്. സിനിമാ മേഖലയിൽ സ്ത്രീ സാന്നിധ്യം കുറയുകയാണ്. മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പ് വരുത്താൻ പരിശ്രമിക്കും. അത്തരത്തിലുള്ള പരിശീലന പദ്ധതികൾ ആരംഭിക്കും. സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമാ മേഖല മാറുമെന്നും പ്രേം കുമാർ പറഞ്ഞു.

സിനിമ കോൺക്ലേവിന്റെ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. എല്ലാവരുടെയും അഭിപ്രായം കേട്ട് കൊണ്ട് അത് മുന്നോട്ട് പോകണം. സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ ചർച്ച ചെയ്യും. ബഹിഷ്കരിക്കുമെന്ന് പറയാൻ എളുപ്പമാണ്. സിനിമയെ സ്നേഹിക്കുന്നവർ കോൺക്ലേവിനൊപ്പം നിൽക്കണം. മാറ്റി നിർത്തേണ്ടവർ ഉണ്ടെങ്കിൽ വിശദമായി പരിശോധിച്ച് ചർച്ച ചെയ്യാം. എല്ലാവരും കൂട്ടുത്തരവാദിത്തതോടെ മുന്നോട്ട് പോകണം. അക്കാദമിയുടെ തലപ്പത്ത് വനിത വേണമെന്ന് താനും ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ പ്രേംകുമാർ അക്കാദമിയിൽ മാത്രമല്ല എല്ലാ സാംസ്കാരിക തലത്തിലും വനിതാ പ്രാധിനിധ്യം ഉണ്ടാവണമെന്നും കൂട്ടിച്ചേ‍ർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധിപേർ ധൈര്യത്തോടെ മുന്നോട്ട് വന്നു. തങ്ങളുടെ പ്രിയപ്പെട്ട സഹോദരിയുടെ പോരാട്ടത്തിന് പിന്നാലെയാണല്ലോ ഏറ്റവും വലിയ ക്രിമിനൽ ജയിലിൽ കിടക്കുന്നതെന്നും’ പ്രേം കുമാർ ചൂണ്ടിക്കാട്ടി.

രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായ പ്രേംകുമാറിന് അക്കാദമി ചെയർമാൻറെ താത്കാലിക ചുമതല നൽകിയത്. സാംസ്കാരിക വകുപ്പ് ജോയിൻറ് സെക്രട്ടറി ആർ സന്തോഷ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.