ഹ്യൂണ്ടായ് ക്രെറ്റയുടെ പുതിയ പതിപ്പ് പുറത്തിറക്കി

0
104

ഇടത്തരം എസ്‌യുവി ശ്രേണിയിലെ വിപണിയിൽ മുൻനിരയിലുള്ള ഹ്യൂണ്ടായ് ക്രെറ്റയുടെ പുതിയ പതിപ്പ് പുറത്തിറക്കി. ക്രിറ്റ നൈറ്റ് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ പ്രത്യേക പതിപ്പിന് 14.51 ലക്ഷം മുതൽ 20.15 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. റെഗുലർ ക്രെറ്റയിൽനിന്ന് എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും മിനുക്കുപണികൾ വരുത്തിയാണ് നൈറ്റ് എഡിഷൻ മോഡൽ ഒരുക്കിയിരിക്കുന്നതെന്ന് നിർമാതാക്കൾ അറിയിച്ചു.

1.5 ലിറ്റർ നാച്വറലി ആസ്‌പിരേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകളിലാണ് ക്രെറ്റ നൈറ്റ് എഡിഷൻ എത്തിയിരിക്കുന്നത്. പൂർണമായും കറുപ്പ് പെയിൻ്റ് സ്‌കീമിൽ എത്തിയിരിക്കുന്നുവെന്നതാണ് ആദ്യകാഴ്ചയിലെ സവിശേഷത. റെഗുലർ മോഡലിൽ ഗ്രില്ലിൽ നൽകിയിട്ടുള്ള ലോഗോയും സ്കിഡ് പ്ലേറ്റിന് വേറെ നിറങ്ങളാണ് നൽകിയിരിക്കുന്നതെങ്കിൽ നൈറ്റ് എഡിഷൻ പതിപ്പിൻ്റെ ലോഗോയും സ്‌കിഡ് പ്ലേറ്റുമെല്ലാം കറുപ്പ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

17 ഇഞ്ച് വലിപ്പത്തിൽ പൂർണമായും കറുപ്പ് നിറം നൽകിയാണ് അലോയി വീൽ തീർത്തിരിക്കുന്നത്. ബ്രേക്ക് കാലിപ്പറിന് ചുവപ്പ് നിറവുമാണ് നൽകിയിട്ടുള്ളത്. വശങ്ങളിലെ ഫെൻഡറിൽ നൈറ്റ് എഡിഷൻ ബാഡ്‌ജിങ്ങും പതിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് നിറത്തിൽ തന്നെയാണ് വശങ്ങളിലെ സിൽ ഗാർണിഷും ഒരുക്കിയിരിക്കുന്നത്. സി-പില്ലർ ഗാർണിഷ്, റൂഫ് റെയിൽ, റിയർവ്യൂ മിറർ, സ്പോയിലർ തുടങ്ങിയവയ്‌ക്കെല്ലാം കറുപ്പ് നിറം നൽകിയിരിക്കുന്നത് വാഹനത്തിന് കൂടുതൽ അഴകേകുന്നുണ്ട്.

ഇന്റീരിയറിന്റെ ലേഔട്ട് റെഗുലർ ക്രെറ്റയോട് സമാനമാണെങ്കിലും കറുപ്പ് നിറം കൂടുതൽ അഴകേകുന്നുണ്ട്. കറുപ്പ് നിറത്തിനൊപ്പം ബ്രാസ് കളർ ഇൻസേർട്ടുകളുമാണ് ഇൻ്റീരിയറിന്റെ പ്രധാന ആകർഷണം. സീറ്റ്, ഡാഷ്ബോർഡ് എന്നിവ ബ്ലാക്ക് ലെതറിൽ പൊതിഞ്ഞിരിക്കുന്നതിനൊപ്പം ബ്രാസ് നിറത്തിലുള്ള പൈപ്പുകളും സ്റ്റിച്ചിങ്ങുകളും നൽകിയിട്ടുമുണ്ട്. സ്റ്റിയറിങ്ങ് വീൽ, ഗിയർ നോബ് എന്നിവയും ലെതറിൽ പൊതിഞ്ഞിട്ടുണ്ട്. കൂടുതൽ സ്പോർട്ടി ഭാവം നൽകുന്നതിനായി മെറ്റൽ പെഡലുകളാണ് ഇതിൽ നൽകിയിട്ടുള്ളത്.

1.5 ലിറ്റർ നാച്വറലി ആസ്‌പിരേറ്റഡ് എം.പി.ഐ. ആണ് ഇതിലെ പെട്രോൾ എൻജിൻ. ഇത് 115 ബി.എച്ച്.പി. പവറും 144 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്‌പീഡ് മാനുവൽ, ഐ.വി.ടി. ഓട്ടോമാറ്റിക് എന്നിവയാണ് ഇതിൽ ട്രാൻസ്‌മിഷൻ ഒരുക്കുന്നത്. 1.5 ലിറ്റർ യു2 സി.ആർ.ഡി.ഐ. നൈറ്റ് എഡിഷനിലെ ഡീസൽ എൻജിൻ. ഇത് 116 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമാണ് നൽകുന്നത്. ആറ് സ്‌പീഡ് മാനുവൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ.