തനിക്കെതിരായ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി റിമ കല്ലിങ്കൽ. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ഒരാളാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. യൂട്യൂബിൽ അവർ പോസ്റ്റ് ചെയ്ത 30 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിൽ തന്നെക്കുറിച്ചുള്ള ഒരു മിനിറ്റ് സെഗ്‌മെൻ്റാണെന്ന് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ വാർത്തയാക്കിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമ പ്രതികരിച്ചത്.
തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തി അതേ വീഡിയോയില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിന്റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയതെന്ന് വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. എന്നാലത് വാര്‍ത്തയാക്കിയില്ല. ഇതിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങള്‍ മലയാളികള്‍ ചിന്തിക്കട്ടേയെന്നും റിമ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഇനി പ്രതീക്ഷ കോടതിയിലാണെന്നും അവര്‍ പറഞ്ഞു. ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളെ കൃത്യമായ ദിശയില്‍ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ആവശ്യപ്പെട്ട് ഡബ്ല്യുസിസി മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്നും അവർ പറഞ്ഞു.