ഉറക്കെ മിണ്ടുന്നവരെയും ചിരിക്കുന്ന സ്ത്രീകളെയും പിടികൂടാനൊരുങ്ങി താലിബാൻ

0
93

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ കർശനമായ നിയമങ്ങൾ നടപ്പാക്കാൻ താലിബാൻ സ്ത്രീകളെ തന്നെ ചാരപണിക്കായി നിയമിച്ച് താലിബാന്‍. ഉറക്കെ മിണ്ടുന്നവരെയും ചിരിക്കുന്നവരെയുമുള്‍പ്പടെ പിടികൂടാനാണ് ഇവര്‍ക്കുള്ള നിർദേശം. 2021ൽ അധികാരത്തിലെത്തിയ ശേഷം സ്‌കൂളുകളിലും സർവ്വകലാശാലകളിലും ജോലി ചെയ്യാനും പഠിക്കാനും സ്ത്രീകൾ വീടുവിട്ടിറങ്ങുന്നത് താലിബാൻ നിരോധിച്ചിരുന്നു. എന്നാല്‍ പ്രൊപ്പഗേഷന്‍ ഓഫ് വെര്‍ച്യു ആന്റ് പ്രിവെന്‍ഷന്‍ ഓഫ് വൈസ് ( എംപിവിപിവി ) എന്ന സദാചാര മന്ത്രാലയത്തിനു കീഴില്‍ ഇപ്പോഴും ചില വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗമായ അഫ്ഗാന്‍ സ്ത്രീകളെ നിരീക്ഷിക്കുന്ന ജോലിയാണ് ഈ ചാര വനിതകള്‍ ചെയ്യുന്നത്.

മറ്റ് വനിതകളെ കൈകാര്യം ചെയ്യുകയാണ് ഇവരുടെ ദൗത്യമെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ബ്രിട്ടീഷ് ദിനപത്രമായ ടെലഗ്രാഫിനോട് സംസാരിക്കവേ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പേജുകള്‍ നിരീക്ഷിക്കുകയും മുഖം മറയ്ക്കാതെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ഇവരുടെ ഡ്യൂട്ടി. ‘ ഇന്‍സ്റ്റഗ്രാം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ? അവര്‍ക്ക് (സ്ത്രീകള്‍ക്ക്) പേജുകള്‍ ഹൈഡ് ചെയ്യാന്‍ സാധിക്കും. ആരും കാണില്ല, ഇവരെ നിരീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ കണ്ണുകളായി സ്ത്രീകളുണ്ട് ‘ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചിലര്‍ ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നും മറ്റു ചിലര്‍ക്ക് ഈ ജോലിയില്‍ പ്രതിഫലം ലഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. സ്ട്രീറ്റ് പട്രോളിനായി ഈ വനിതകള്‍ താലിബാന്‍ പുരുഷ അംഗങ്ങളെ അനുഗമിക്കുകയും ചെയ്യും.

സ്ത്രീകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്ന വ്യവസ്ഥയിലാണ് ചില സ്ത്രീകളെ അറസ്റ്റ് ചെയ്ത് വിട്ടയക്കുക എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. താലിബാനിലെ വനിതാ അംഗങ്ങള്‍ പുരുഷന്മാരോട് സംസാരിക്കുന്നത് നിയമങ്ങള്‍ ലംഘനമല്ലേ എന്ന ചോദ്യത്തിന് വേശ്യാവൃത്തിക്കെതിരെ പോരാടാന്‍ സ്ത്രീകള്‍ തങ്ങളെ സഹായിക്കുന്നത് സ്വീകാര്യമാണെന്ന് ഇദ്ദേഹം മറുപടി പറഞ്ഞു.

ഓരോദിവസവും വ്യത്യസ്തമായ ജോലിയാണ് ചെയ്യുന്നതെന്ന് എംപിവിപിവിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാരവനിത പറഞ്ഞു. ചില ദിവസങ്ങളില്‍ ചാരിത്ര്യവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ നഗരത്തില്‍ പട്രോളിങ്ങിനിറങ്ങും, മറ്റു ചില ദിവസമാകട്ടെ ഡ്രസ് കോഡ് പിന്തുടരാത്ത സ്ത്രീകളെ കണ്ടെത്താന്‍ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കും – അവര്‍ വ്യക്തമാക്കി. മുഖം മറയ്ക്കാതെയോ ഉറക്കെ സംസാരിക്കുന്നതോ ആയ സ്ത്രീകളെ ഇവര്‍ കണ്ടെത്തും. ശേഷം പുരുഷന്‍മാരായ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. ‘ സദാചാരം’ പാലിക്കാത്ത വനിതകളെ കൈകാര്യം ചെയ്യുക ഈ ഉദ്യോഗസ്ഥരാണ്. വനിതാ പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കുകയും തെരുവുകളില്‍ പ്രതിഷേധിക്കുകയും ചെയ്യുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നില്ലെന്നും വഷളത്തരം കണ്ടു മടുത്ത തന്നെപ്പോലുള്ള മുസ്ലീം സ്ത്രീകളെയല്ല അവര്‍ പ്രതിനിധാനം ചെയ്യുന്നതെന്നും ഈ ഉദ്യോഗസ്ഥ പറഞ്ഞു.