റിമ കല്ലിങ്കലിൻ്റെ പരാതിയിൽ തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര

0
127

റിമ കല്ലിങ്കലിൻ്റെ പരാതിയിൽ തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര. അഭിമുഖം വന്ന ചാനലിനെതിരെ കേസെടുക്കണമെന്നും ഗായിക വ്യക്തമാക്കി. നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ മദ്യപാനികൾ സംഘടിപ്പിച്ചെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

എന്നാൽ സുചിത്രയുടെ ആരോപണങ്ങൾക്കെതിരെ പരാതിയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തി. ഈ ആരോപണങ്ങൾ നിഷേധിച്ച താരം പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചതായും, ഗായികയ്‌ക്കെതിരെ പരാതി നൽകിയതായും പറഞ്ഞു.ഫഹദ് ഫാസിൽ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെ ഉൾപ്പെടുത്തിയുള്ള പരാമര്ശത്തിനും റിമയുടെ പക്കൽ മറുപടിയുണ്ട്. നിയമനടപടി സ്വീകരിച്ച് മുന്നോട്ടുപോകാനാണ് റിമയുടെ തീരുമാനം.

റിമയുടെ പ്രസ്താവനയിലെ വാചകങ്ങളിലേക്ക് കടക്കാം. ‘വർഷങ്ങളായി നിങ്ങളിൽ പലരും WCCക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നിലകൊണ്ടവരാണ്. ഈ പിന്തുണയും വിശ്വാസവുമാണ് എന്നെ ഇപ്പോൾ ഇത് എഴുതാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പല മാധ്യമ സ്ഥാപനങ്ങളും തമിഴ് ഗായിക സുചിത്രയുമായി ഒരു യൂട്യൂബ് ചാനൽ നടത്തിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കണ്ടു.

30 മിനിറ്റ് നീളുന്ന ഈ അഭിമുഖത്തിൽ അവർ ചില പേരുകൾ എടുത്തു പറയുന്നു എന്നു മാത്രമല്ല 2017 ൽ ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് അവർക്ക് അറിവ് ഉണ്ടായിരുന്നു എന്ന് തരത്തിലാണ് സുചിത്രയുടെ വാദം. അതുമാത്രമല്ല, മുഖ്യമന്ത്രി പിണറായി, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഉൾപ്പെടുന്ന നടന്മാരുടെ കരിയർ നശിപ്പിക്കാൻ ഗൂഢാലോചന നടത്തി എന്നും അവർ പരാമർശിച്ചു കണ്ടു.

ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങളിലെ വാർത്തയായില്ലെങ്കിലും, എന്നെ കുറിച്ചുള്ള അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടുകയുണ്ടായി. അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ, അതിൽ പ്രതികരിക്കാൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ പരാതി നൽകുകയും, മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു കഴിഞ്ഞു.ഞങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്ന എല്ലാവരോടുമായി, പറയട്ടെ, നമുക്ക് ഒന്നിച്ചു മുന്നേറാം. നിങ്ങളുടെ പിന്തുണയ്ക്കു നന്ദി’ എന്ന് റിമ കല്ലിങ്കൽ തന്റെ പോസ്റ്റ് അവസാനിപ്പിച്ചു.