ലൈംഗികാതിക്രമക്കേസിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു

0
93

നടൻ ബാബുരാജ് തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പൊലീസ് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2019ൽ അടിമാലി ഇരുട്ട് കാനത്തുള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അടിമാലി പൊലീസ് കേസെടുത്തു.

അതിനിടെ നടൻ ബാബുരാജിനെതിരെ ഉയർന്ന ലൈംഗിക പീഡനം ആരോപണം മറച്ച് വെച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ് പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതിയെത്തി. പരാതിക്കാരിയുടെ വെളിപ്പെടുത്തലിൽ വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരൻ കുറ്റം മറച്ച് വെച്ചെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. ബൈജു നോയലിൻറെ പരാതി.

കേസിന്റെ വിശദാംശങ്ങൾ ചുവടെ:

2019 ൽ നടന്ന കുറ്റകൃത്യം വർഷങ്ങൾക്ക് ശേഷം 2023ൽ കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായാണ് യുവതി വ്യക്തമാക്കുന്നത്. പരാതിയെ പറ്റി തനിക്കറിയാമായിരുന്നുവെന്ന് ഇപ്പോൾ മലപ്പുറം എസ്‌പി ആയ ശശിധരനും സമ്മതിച്ചിരുന്നു. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതിൽ വീഴ്ച സംഭവിച്ചതിൽ ക്രിമിനൽ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് യുവതി നേരത്തെ പരാതി നൽകാൻ തയ്യാറായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതാണ് കാര്യങ്ങൾ തുറന്ന് പറയാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് യുവതിയുടെ വിശദീകരണം.